ahammed-kabeer

കൊച്ചി: മുസ്ലിംലീഗ് നേതാവും നിലവിലെ മങ്കട എം എൽ.എയുമായ ടി.എ.അഹമ്മദ് കബീർ വിമത സ്ഥാനാർത്ഥിയായി മത്സരിച്ചേക്കും. വേങ്ങരയിൽ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെയോ, തിരൂരങ്ങാടിയിൽ കെ.പി.എ മജീദിനെതിരെയോ മത്സരിക്കാനാണ് നീക്കം. അസംതൃപ്തരായ മുസ്ലിംലീഗ് നേതാക്കളുടെ യോഗം ഇന്നലെ അഹമ്മദ് കബീറിന്റെ വീട്ടിൽ ചേർന്നു. നേതാക്കളായ പി.എം.എ സലാം, പി.എം സാദിഖലി, അഷ്റഫ് പുക്കൂർ തുടങ്ങിയ നിരവധി പേർ പങ്കെടുത്തു.

പാർട്ടിയിൽ പി.കെ.കുഞ്ഞാലിക്കുട്ടിയുടെയും ഇബ്രാഹിം കുഞ്ഞിന്റെയും എതിർവിഭാഗത്തിൽ പെടുന്ന നേതാവായാണ് അഹമ്മദ് കബീർ അറിയപ്പെടുന്നത്.

എറണാകുളം ജില്ലയിൽ മുസ്ലിംലീഗിലെ ഒരു വിഭാഗത്തിന്റെ നേതാവായ അഹമ്മദ് കബീറിന്റെ വീട്ടിൽ ഇന്നലെ ജില്ലാ മുസ്ലിം ലീഗ് അദ്ധ്യക്ഷൻ ഉൾപ്പെടെയുള്ള ഭൂരിഭാഗം നേതാക്കളും പിന്തുണയുമായി എത്തിയിരുന്നു. 2011 മുതൽ മങ്കടയെ പ്രതിനിധീകരിക്കുന്ന അഹമ്മദ് കബീറിന് ഇത്തവണ സീറ്റ് നൽകിയിട്ടില്ല. ജില്ലയിൽ അദ്ദേഹത്തിന്റെ എതിർ പക്ഷത്തുള്ള ഇബ്രാഹിം കുഞ്ഞിന്റെ മകൻ അബ്ദുൾ ഗഫൂറിന് സീറ്റ് ലഭിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതരായവരുടെ സമ്മർദ്ദത്തെ തുടർന്നാണ് മത്സരത്തിനൊരുങ്ങുന്നത്. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് തിരൂരങ്ങാടി, കൊടുവള്ളി, കോഴിക്കോട് സൗത്ത്, കുന്ദമംഗലം, കോങ്ങാട് തുടങ്ങിയ സ്ഥലങ്ങളിൽ ലീഗ് അണികൾക്കിടയിൽ ഭിന്നതയുണ്ട്.