കിസാൻ സഭ ദേശീയ നേതാവ് രമാ ശിവശങ്കരൻ രാജിവച്ചു

കൊച്ചി: പറവൂരിലെ സ്ഥാനാർത്ഥി നി‌ർണയത്തെച്ചൊല്ലി സി.പി.ഐയിൽ പൊട്ടിത്തെറി. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും ജില്ലാ ട്രഷററുമായ എം.ടി നിക്സനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കിസാൻസഭ ദേശീയ കൗൺസിൽ അംഗവും മഹിളാ സംഘം സംസ്ഥാന കൗൺസിൽ അംഗവുമായി രമാ ശിവശങ്കരൻ പാ‌ർട്ടിയിൽ നിന്നും രാജിവച്ചു.

സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് സി.പി.ഐ നേതൃത്വം സ്വീകരിച്ച സമീപനത്തിൽ പ്രതിഷേധിച്ചാണ് രാജി. മാരത്തൺ ചർച്ചകൾക്കൊടുവിൽ ഇന്നലെയാണ് പറവൂരിൽ സി.പി.ഐ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് സംസ്ഥാന സമിതിക്ക് നൽകിയ ആദ്യ പരിഗണനാ ലിസ്റ്റിൽ രമാ ശിവശങ്കരന്റെ പേര് ഉൾപ്പെട്ടിരുന്നു. ഇത് സംസ്ഥാന നേതൃത്വം തള്ളി.

ഈ ലിസ്റ്റ് വെട്ടി എം.ടി നിക്സൺ ഉൾപ്പെടെയുള്ള മൂന്ന് പേരുടെ സാദ്ധ്യതാ പട്ടിക വീണ്ടും നൽകി. ഇതിലും പോരായ്മകൾ ചൂണ്ടിക്കാട്ടി സംസ്ഥാന നേതൃത്വം എൻ.എം പിയേഴ്സന്റെയടക്കം പേരുകൾ പരിഗണിച്ചു. എന്നാൽ ജില്ലാ എക്സിക്യൂട്ടിവ് അംഗീകരിച്ചില്ല. മുതി‌ർന്ന സി.പി.ഐ നേതാവിന്റെ മകളേയും പരിഗണിച്ചെങ്കിലും അവസാവട്ട ച‌ർച്ചയിൽ ഒഴിവായി. തുടർന്നാണ് നിക്സണ് നറുക്ക് വീണത്.

രമാ ശിവശങ്കരനെ സ്ഥാനാ‌ർത്ഥിയാക്കണമെന്ന ആവശ്യം ഒരുഘട്ടത്തിൽ ഉയർന്നിരുന്നു. പാർട്ടി തന്നെ പാടെ തഴഞ്ഞതായി രമാ ശിവശങ്കരൻ കേരളകൗമുദിയോട് പറഞ്ഞു. എൻ.എം പിയേഴ്സൺ മികച്ച സ്ഥാനാ‌ർത്ഥിയായിരുന്നു. അദ്ദേഹത്തെ പരിഗണിച്ചില്ല. ജില്ലാ, സംസ്ഥാനനേതൃത്വം താത്പര്യം പ്രകടിപ്പിച്ചെങ്കിലും ജില്ലാ എക്സിക്യൂട്ടിവ് എതിർക്കുകയായിരുന്നു. എം.ടി നിക്സൺ മികച്ച സ്ഥാനാർത്ഥിയാണ്. അദ്ദേഹത്തിൽ മണ്ഡലം തിരിച്ചുപിടിക്കാൻ സാധിക്കും. സി.പി.എം തന്നെ സമീപിച്ചിരുന്നു. ഇടത് പക്ഷത്തോട് ചേർന്ന് നിൽക്കാനാണ് ആഗ്രഹിക്കുന്നത്. വീട്ടുകാരുമായി ആലോചിച്ച് ഭാവി തീരുമാനമെടുക്കും. രമാ ശിവശങ്കരൻ പറഞ്ഞു.