goo

കൊച്ചി: ഒരു രൂപ ഗൂഗിൾ പേ ചെയ്താൽ സ്ഥാനാർത്ഥിത്വം ചിലപ്പോൾ കൂടെപ്പോരും. വെറും പാട്ടല്ലിത്. ഇന്ത്യൻ ഗാന്ധിയൻ പാർട്ടി നൽകുന്ന വാഗ്ദാനമാണ്. ഒരു രൂപ കൊടുത്ത് പാർട്ടി അംഗത്വം എടുക്കുന്നവരെയാണ് സ്ഥാനാർത്ഥിയാക്കുന്നത്.

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും മത്സരിക്കാനാണ് തീരുമാനമെന്ന് പാർട്ടി തിരഞ്ഞെടുപ്പ് കോ ഓർഡിനേറ്റർ യു.എസ്. ആഷിൻ അറിയിച്ചു. സ്ഥാനാർത്ഥിയാവാൻ താല്പര്യമുള്ളവർ അവരുടെ മണ്ഡലത്തിൽ പരിഹരിക്കേണ്ട പ്രശ്നങ്ങൾ, നടപ്പാക്കേണ്ട വികസന പദ്ധതികൾ എന്നിവ പാർട്ടിയുടെ വാട്‌സാപ്പ് നമ്പറായ 9895621248 ലേയ്ക്ക് അയച്ചുകൊടുക്കണം.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിച്ചു തോറ്റയാളാണ് ആഷിൻ. സംരംഭകരിലൂടെ വികസിത ഇന്ത്യ എന്നതാണ് പാർട്ടിയുടെ മുദ്രാവാക്യം.

ലാഭേച്ഛയില്ലാതെ സമൂഹത്തിനായി പ്രവർത്തിക്കുന്ന നേതൃത്വത്തെ രൂപപ്പെടുത്തും. 140 മണ്ഡലങ്ങളിലും മത്സരിക്കുന്നവരിൽ നിന്ന് മികച്ച നേതാക്കളെ കണ്ടെത്തും. അവരുടെ പിൻബലത്തോടെ പാർട്ടിയുടെ ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.