kolambi

കോലഞ്ചേരി: തിരഞ്ഞെടുപ്പ് കാലത്ത് കോളാമ്പിക്കും കഥ പറയാനുണ്ട്. എ.കെ.ജിയുടെയും ഇന്ദിരാ ഗാന്ധിയുടെയും വരെ ശബ്ദം ജനങ്ങളിലേക്കെത്തിച്ച എരപ്പുംപാറ കവിത സൗണ്ട്സിന്റെ കോളാമ്പികൾ വരെ ഇന്ന് സുഖനിദ്ര‌യിലാണ്. ഇവർ പൂർണമായി രംഗം വിട്ടിട്ട് 4 വർഷം കഴിഞ്ഞു. ഇവർക്കു പകരം സ്പീക്കറുകൾ ഘടിപ്പിക്കുന്ന ബോക്‌സുകളാണിപ്പോൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ശബ്ദ മാർഗം. ശബ്ദം വളരെ ദൂരേക്ക് എത്തിക്കുന്നതായിരുന്നു കോളാമ്പികളുടെ പ്രത്യേകത. ഇതിനുള്ളിൽ സ്ഥാപിച്ചിരുന്നത് 30 മുതൽ 40 വരെ വാട്‌സിന്റെ ശബ്ദ യൂണി​റ്റുകളാണ്. നിയന്ത്റണം വന്നതോടെ നിലവിൽ സ്ഥാപനങ്ങളിൽ അലങ്കാരമായി മാത്രമാണ് കോളാമ്പികൾ ഉപയോഗിക്കുന്നത്. ഇവയ്ക്കു പകരം എത്തിയ ബോക്‌സുകളിൽ 50 മുതൽ 100 വാട്‌സ് വരെയുള്ള സ്പീക്കറുകളാണുള്ളത്. ഉദ്ദേശിക്കുന്ന സ്ഥലത്തു മാത്രം ഇവയുടെ ശബ്ദം നിയന്ത്റിച്ചുനിൽക്കും 400 വാട്‌സിന്റെ സ്പീക്കറുകൾ ഘടിപ്പിച്ച ബോക്‌സുകളാണ് വാഹനങ്ങളിൽ പ്രചാരണത്തിനായി ഉപയോഗിച്ചു വരുന്നത്. കോളാമ്പിയെ അപേക്ഷിച്ച് ബോക്‌സുകൾക്കു വില കൂടുതലാണ്. 40 വാട്‌സ് യൂണി​റ്റ് ഘടിപ്പിച്ചിരുന്ന കോളാമ്പിക്ക് ആകെ ചെലവ് വന്നിരുന്നത് 1800 രൂപ വരെ ആയിരുന്നെങ്കിൽ സ്പീക്കറുകൾ ഘടിപ്പിച്ച ബോക്‌സ് നിർമിക്കാൻ ചെലവ് 10,000 രൂപ വരും.