
കിഴക്കമ്പലം: കുന്നത്തുനാട്ടിലെ തിരഞ്ഞെടുപ്പിൽ ആകെ 'പ്രശ്നമാണ് '. ഇവിടെ പ്രശ്ന ബാധിത ബൂത്തുകൾ ഏഴുണ്ട്. അതീവ പ്രശ്നബാധിത ബൂത്ത് ഒന്നും. എല്ലായിടത്തും പട്ടാളമിറങ്ങിയാകും പോളിംഗ് നടക്കുക. തിരഞ്ഞെടുപ്പ് കാണാൻ കറങ്ങി നടക്കരുത് എന്നർത്ഥം. വോട്ടു ചെയ്ത് മടങ്ങാം, ആരും തടയില്ല. പക്ഷെ കറങ്ങി നടക്കുന്ന 'തിരഞ്ഞെടുപ്പ് നിരീക്ഷകരെ' കൈയ്യോടെ പൊക്കും. തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിക്കുന്ന പാസ്സുള്ളവർക്കേ ബൂത്ത് പരിസരത്ത് ചുറ്റിപ്പറ്റി നില്ക്കാൻ അനുവാദമുള്ളൂ. മലയാളം അറിയാത്ത സി.ആർ.പി.എഫുകാർക്കാണ് ബൂത്തുകളുടെ ചുമതല. സ്റ്റെൻ ഗണ്ണുമായാണ് അവർ നില്ക്കുന്നത്. രേഖകൾക്ക് മാത്രമേ ഇവിടെ സ്ഥാനമുള്ളൂ. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ട്വന്റി20 പ്രവർത്തകരുമായി പ്രശ്നമുണ്ടായ കുമ്മനോട് മദ്രസ ബൂത്തടക്കം പ്രശ്ന ബാധിത ബൂത്തുകളിലുണ്ട്. ഇവിടെ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ കേസിൽ പ്രതികളായ 16 പേർക്കെതിരെ ആർ.ഡി.ഒ കോടതി 107 കേസെടുത്തിരുന്നു. അടുത്ത തിരഞ്ഞെടുപ്പിൽ പ്രശ്നങ്ങളുണ്ടാക്കില്ലെന്ന് കോടതിയിൽ സത്യവാങ്മൂലം നല്കിയ ഉറപ്പിലാണ് ഇവർക്ക് ജാമ്യം കിട്ടിയത്. ശക്തമായ ചതുഷ്കോണ മത്സരം നടക്കുന്ന ഇവിടെ 'ബീഹാർ മോഡൽ' എന്ന നിലയിലാണ് സുരക്ഷ ഒരുക്കുന്നത്.