
കൊച്ചി: അഞ്ചുവർഷത്തെ രാഷ്ട്രീയ ഇടവേളയ്ക്കുശേഷം കെ. ബാബു വീണ്ടും തൃപ്പൂണിത്തുറയിൽ പോർമുഖം തുറന്നു. ബാർകോഴ വിവാദത്തിൽ കഴിഞ്ഞ തവണ നഷ്ടമായ മണ്ഡലം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടിയുടെ ശുപാർശയിലാണ് ഒരുവിഭാഗത്തിന്റെ എതിർപ്പിലും ബാബുവിനെ മത്സരിപ്പിക്കാൻ അനുമതി ലഭിച്ചത്. ഇന്നലെ പ്രചാരണം ആരംഭിച്ച അദ്ദേഹത്തിനെതിരെ മറുവിഭാഗവും രംഗത്തിറങ്ങി.
ബാർ കോഴ വിവാദം കത്തിനിന്ന സാഹചര്യത്തിലാണ് കഴിഞ്ഞ തവണ കെ. ബാബുവിന് അഞ്ചുതവണ പ്രതിനിധീകരിച്ച തൃപ്പൂണിത്തുറ നഷ്ടമായത്. കോഴക്കേസിൽ ബാബുവിനെതിരെ തെളിവില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും അന്വേഷണം നടത്തിയ വിജിലൻസിന്റെ റിപ്പോർട്ട് കോടതിയിൽ എത്തിയതിന് പിന്നാലെയാണ് മത്സരം. റിപ്പോർട്ട് ഒരാഴ്ച മുൻപ് സമർപ്പിച്ചത് സീറ്റിനായി അവകാശം ഉന്നയിക്കുന്നതിന് കരുത്തും പകർന്നു. നൂറു കോടിയുടെ കോഴക്കേസിൽ താൻ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞതിൽ സന്തോഷത്തോടെയാണ് മത്സരിക്കുന്നതെന്ന് കെ.ബാബു പ്രതികരിച്ചു.
അങ്കക്കലിയിൽ ഐ ഗ്രൂപ്പ്
മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി വിജയസാദ്ധ്യതയുള്ളവരെ ഒഴിവാക്കിയാണ് ബാബുവിന് സീറ്റ് നൽകിയതെന്ന് ഐ. ഗ്രൂപ്പ് നേതാക്കൾ ആരോപിച്ചു. ഗ്രൂപ്പ് നേതാക്കൾ ഹൈക്കമാൻഡിൽ സമ്മർദം ചെലുത്തിയാണ് അഴിമതി ആരോപണവിധേയന് സീറ്റ് തരപ്പെടുത്തിയതെന്ന് കൊച്ചി കോർപ്പറേഷൻ ഡപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ, ഡി.സി.സി മുൻ ജനറൽ സെക്രട്ടറി എ.ബി. സാബു, മണ്ഡലം വൈസ് പ്രസിഡന്റ് ഇന്ദുകലാധരൻ എന്നിവർ ആരോപിച്ചു. സ്ഥാനാർത്ഥി നിർണയത്തിലെ അപഹാസ്യമായ നാടകവും കാലതാമസവും ജനാധിപത്യ വിശ്വാസികളിൽ യു.ഡി.എഫിനെക്കുറിച്ച് അവമതിപ്പുണ്ടാക്കും. മണ്ഡലം തിരിച്ചുപിടിക്കാൻ വിജയസാദ്ധ്യതയുള്ള പുതുമുഖ സ്ഥാനാർത്ഥിയെ കണ്ടെത്തണമെന്ന് നേതാക്കൾ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു. തിരുത്തലിന് തയാറാകാതെ കെ. ബാബുവുമായി മുൻപോട്ട് പോയാൽ 2016 ലെ ഫലം ആവർത്തിക്കുമെന്ന് അവർ പറഞ്ഞു.