election

കൊച്ചി : പോളിംഗ് ബൂത്തിലെത്താൻ 30 കിലോമീറ്റർ വരെ പോകണം, കോതമംഗലം വനമേഖലയിലെ ആദിവാസി വിഭാഗങ്ങളിലെ വോട്ടർമാർക്ക്. പ്രത്യേക ബൂത്തുകൾ വേണമെന്ന നിവേദനം രണ്ടാഴ്‌ചയ്‌ക്കകം പരിഗണിച്ചു തീരുമാനിക്കാൻ ഹൈക്കോടതി മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസർക്ക് നിർദ്ദേശം നൽകി.

കുട്ടമ്പുഴ വില്ലേജിലെ തേരക്കുടി കോളനിയിലെ ചുങ്കൻ തായപ്പൻ, ഉറിയംപെട്ടി കോളനിയിലെ എം.ജി ഗിരീഷ്, വാരിയം കോളനിയിലെ അനിൽ എന്നിവർ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ നിർദ്ദേശം. അടിയന്തരമായി പരിഗണിക്കേണ്ട വിഷയമാണിതെന്നും കോടതി വിലയിരുത്തി.

 വോട്ടു ചെയ്യാൻ വനയാത്ര

ഉറിയംപെട്ടി കോളനിയിൽ 76 കുടുംബങ്ങളും വാരിയം കോളനിയിൽ 80 കുടുംബങ്ങളും തേരക്കുടിയിൽ 26 കുടുംബങ്ങളുമാണ് താമസം. വനത്തിനുള്ളിൽ വിവിധ വാർഡുകളിൽ കഴിയുന്ന ഇവർക്കായി പ്രത്യേക ബൂത്തകൾ ഇനിയും അനുവദിച്ചിട്ടില്ല. തേരക്കുടിയിലുള്ളവർ 20 കിലോമീറ്റർ സഞ്ചരിച്ചും ഉറിയംപെട്ടിക്കാർ 30 കിലോമീറ്ററും വാരിയം കോളനിക്കാർ 15 കിലോമീറ്ററും സഞ്ചരിച്ചാണ് പോളിംഗ് ബൂത്തിലെത്തേണ്ടത്. മൂന്നു മുതൽ അഞ്ചു മണിക്കൂർ വരെ വനയാത്ര വേണമെന്നും ഇവരുടെ ഹർജിയിൽ പറയുന്നു. ഇൗ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ഡിസംബറിൽ സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസർക്ക് നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല.