
കൊച്ചി: ഒൻപതാം വയസ് മുതൽ മീൻപിടിക്കാനിറങ്ങി, കുടുംബം പുലർത്താൻ പിന്നീട് കൂലിപ്പണി ചെയ്തു. ഒപ്പം പഠനവും. ഇല്ലായ്മകളെ നെഞ്ചുറപ്പോടെ പൊരുതിത്തോല്പിച്ച ആ ബാലൻ പിന്നീട് വൈസ് ചാൻസലറും പി.എസ്.സി ചെയർമാനുമായി. പേര് ഡോ. കെ.എസ്. രാധാകൃഷ്ണൻ, ഇത്തവണ തൃപ്പൂണിത്തുറയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. പഴയ നാളുകൾ ഓർക്കുമ്പോൾ അഭിമാനം തോന്നുമെന്ന് അദ്ദേഹം പറയുന്നു.
എറണാകുളം ജില്ലയിലെ തീരപ്രദേശമായ മുളവുകാട്ടെ മുക്കുവ കുടുംബമായ കല്ലുമഠത്തിൽ കെ.എ. സുകുമാരന്റെയും ലക്ഷ്മിക്കുട്ടിയുടെയും മകൻ. അച്ഛൻ വെളിച്ചപ്പാടായിരുന്നു. രാധാകൃഷ്ണന് ഒൻപത് വയസുള്ളപ്പോൾ അച്ഛൻ മരിച്ചു. കുടുംബം പട്ടിണിയിലായി. പഠിച്ച് വലിയ ആളാകണമെന്ന മോഹം ഇരുളടയുന്ന സാഹചര്യം. തോറ്റുകൊടുക്കാൻ രാധാകൃഷ്ണൻ തയ്യാറായിരുന്നില്ല.
"കുടുംബം പുലർത്താനാണ് മത്സ്യത്തൊഴിലാളിയായത്. ഇടയ്ക്ക് മൈക്കാട് പണിക്കും കൂലിപ്പണിക്കും പോയാണ് ജീവിച്ചതും പഠിച്ചതും."ബാല്യകാലം മുതൽ കവിതകളെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തിന് പട്ടിണിയുടെ നാളുകളിൽ പുസ്തകങ്ങളായിരുന്നു ആശ്വാസം.വടക്കൻ പറവൂർ, പൊന്നാരിമംഗലം, എറണാകുളം എന്നിവിടങ്ങളിൽ സ്കൂൾ പഠനം. മഹാരാജാസ് കോളേജിൽനിന്ന് ഫിലോസഫിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. കോളേജ് പഠനകാലത്തും പണികൾ ചെയ്തു.1979ൽ സാഹിത്യ പ്രവർത്തക സഹകരണസംഘത്തിൽ പബ്ലിക്കേഷൻ അസിസ്റ്റന്റായി. കുറച്ചുകാലം പത്രപ്രവർത്തകനുമായി. പിന്നീട് സർക്കാർ കോളേജ് അദ്ധ്യാപകനായി. 24 വർഷം ഫിലോസഫി അദ്ധ്യാപകനായിരുന്നു. എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണത്തിലെ അദ്വൈതദർശനം എന്ന വിഷയത്തിൽ ഫിലോസഫയിൽ ഡോക്ടറേറ്റ് നേടി.കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയ്ക്ക് യു.ജി.സി.യുടെ അംഗീകാരം ലഭിച്ചത് ഡോ. കെ.എസ്. രാധാകൃഷ്ണൻ വൈസ് ചാൻസലറായിരുന്ന കാലത്താണ്. 17 പുതിയ കോഴ്സുകൾ ആരംഭിച്ചു. ശ്രീനാരായണഗുരു ഉൾപ്പെടെ ഒൻപത് നവോത്ഥാന നായകരുടെ പേരിൽ പഠനകേന്ദ്രങ്ങൾ ആരംഭിച്ചു. പിന്നീടാണ് പി.എസ്.സി ചെയർമാനായത്. 4,398 വിജ്ഞാപനങ്ങളും 3,489 റാങ്ക് ലിസ്റ്റുകളും അദ്ദേഹത്തിന്റെ കാലത്ത് പ്രസിദ്ധീകരിച്ചു. 1,66,000 പേർക്ക് നിയമനവും നൽകി. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന കുടിശിക നിയമനങ്ങൾ നൽകി. ക്രിസ്ത്യൻ, ഇസ്ലാം, ഹിന്ദുദർശനങ്ങളിൽ പണ്ഡിതനായ ഡോ. കെ.എസ്. രാധാകൃഷ്ണന്റെ മതപ്രഭാഷണങ്ങൾ പ്രശസ്തമാണ്. ശ്രീനാരായണ ഗുരുദർശനങ്ങളിൽ നിരവധി പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്.
കോൺഗ്രസ് അനുഭാവിയായിരുന്നു അദ്ദേഹം. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. തുടർന്നാണ് ബി.ജെ.പിയിൽ ചേർന്നത്. ഭാര്യ: ശ്രീകുമാരി. മക്കൾ: അശ്വതി, രേവതി.