fish

കൊച്ചി: സിനിമ താരങ്ങളായ ഹരിശ്രീ അശോകനും മോളി കണ്ണമാലിയുടേയും മുന്നിലേക്ക് വലിയ ചൂരമീൻ എടുത്ത് കാണിച്ച് കൗതുകത്തോടെ ചിരിക്കുന്ന ട്രാൻസ് ജൻഡർ അതിഥി അച്യുതന് ഇത് പുതു ജീവിതത്തിന്റെ തുടക്കം. ഉപജീവനത്തിനായി പലയിടങ്ങളിൽ അലയേണ്ടി വന്ന അതിഥി അച്യുതന് കൈത്താങ്ങായി സി.എം.എഫ്.ആർ.ഐ. എത്തിയതോടെ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ മീൻവില്പന കേന്ദ്രം എറണാകുളം വെണ്ണല മാർക്കറ്റിൽ തുറക്കുന്നതായിരുന്നു ചടങ്ങ്. ഹരിശ്രീ അശോകനും മോളി കണ്ണമാലിയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചതോടെ അതിഥിയുടെ സ്വപ്ന സാക്ഷാക്കാരത്തിന്റെ നിമിഷങ്ങൾ കൂടിയായിരുന്നു. ട്രാൻസ് ജെൻഡർ ആയത്കാരണം ജോലി ലഭിക്കാനുള്ള ബുദ്ധിമുട്ട്. തൊഴിലിടങ്ങളിലെ മറ്റ് പ്രശനങ്ങൾ എന്നിവ മൂലം സ്വന്തമായി ഒരു സംരംഭം എന്നതായിരുന്നു ലക്ഷ്യം. ഈ സ്വപ്നങ്ങൾക്ക് കൈതാങ്ങാവുകയായിരുന്നു സി.എം.എഫ്.ആർ.ഐ. എന്ന് പ്രിൻസിപ്പൽ സയന്റിസ്റ്റും ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ളാൻ ചെയർമാനുമായ ഡോ. കെ. മധു പറയുന്നു.

ഫ്രീസർ മീനുകളെ ജീവനോടെ നിലനിർത്താനുള്ള സജ്ജീകരണം, മീനുകൾ വൃത്തിയാക്കി മുറിച്ച് നൽകാനുമുള്ള ഉപകരണങ്ങൾ, കൂളർ തുടുങ്ങിയ സംവിധാനങ്ങളാണ് സി.എം.എഫ്.ആർ.ഐ. ഒരുക്കി നൽകിയിരിക്കുന്നത്. അഞ്ച് ലക്ഷം രൂപയോളം ചിലവഴിച്ചാണ് നിർമ്മാണം. പട്ടികജാതിക്കാരുടെ ഉന്നമനത്തിനായുള്ള ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ളാൻ എന്ന പദ്ധതിയുടെ നടത്തിപ്പിന്റെ ഭാഗമായാണ് അതിഥിയ്ക്ക് കൈത്താങ്ങായി സി.എം.എഫ്.ആർ.ഐ. എത്തിയത്. പട്ടികജാതിവിഭാഗത്തിലുള്ളവരുടെ ക്ഷേമത്തിനായി ഈ പദ്ധതിക്ക് കീഴിൽ നിരവധി കൂടുകൃഷികൾ നടക്കുന്നു. പദ്ധതിയുടെ രണ്ടാംഘട്ടമെന്ന നിലയ്ക്കാണ് പട്ടികജാതിയിൽ ഉൾപ്പെട്ട ട്രാൻസ് ജെൻഡർ വിഭാഗങ്ങൾക്ക് ഉപജീവനത്തിന് അവസരം നൽകുന്ന പദ്ധതി സി.എം.എഫ്.ആർ.ഐ. നടപ്പാക്കുന്നത്.

ഏറെ അവഗണന നേരിടുന്ന ട്രാൻസ് ജെൻഡർ സമൂഹത്തിന് മത്സ്യമേഖലയിൽ അവസരങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ ഉദ്യമമെന്ന് സി.എം.എഫ്.ആർ.ഐ. ഡയറക്ടർ ഡോ.എ. ഗോപാലകൃഷ്ണൻ പറഞ്ഞു. ഇന്ത്യയിൽ ആദ്യമായാണ് മത്സ്യമേഖലയിൽ ട്രാൻസ് ജെൻഡറുകൾക്കായി സംരംഭം ഒരുക്കുന്നത്. കൂടുമത്സ്യ കൃഷിപോലുള്ള മേഖലകളിൽ പരിശീലനം നൽകി ട്രാൻസ് ജെൻഡർ സമൂഹത്തെ ശാക്തീകരിക്കാനും സി.എം.എഫ്.ആർ.ഐ. ഭാവിയിൽ ലക്ഷ്യമിടുന്നുണ്ടെന്ന് ഡോ. കെ. മധു പറയുന്നു. സി.എം.എഫ്.ആർ.ഐ. പ്രൻസിപ്പൽ സയിന്റിസ്റ്റ് ഡോ. രമ, സയിന്റിസ്റ്റ് ഡോ. വിപിൻകുമാർ, കൊച്ചി എൻ.ഡി.എ. സ്ഥാനാർത്ഥി സി.ജി. രാജഗോപാൽ, തൃക്കാക്കര എൽ.ഡി.എഫ്. സ്ഥാനാർത്ഥി ഡോ. ജെ. ജേക്കബ് എന്നിവർ സന്നിഹിതരായിരുന്നു