കൊച്ചി : ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിന്റെ ഭാഗമായ പെരുമ്പളം ദ്വീപിനെ എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിന്റെ ഭാഗമാക്കണമെന്ന നിവേദനം നാലുമാസത്തിനകം പരിഗണിച്ചു തീർപ്പാക്കാൻ ഹൈക്കോടതി സർക്കാരിനു നിർദ്ദേശം നൽകി. ഹൈക്കോടതി അഭിഭാഷകനായ പെരുമ്പളം സ്വദേശി കെ. തവമണി നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ നിർദ്ദേശം. ആലപ്പുഴ ജില്ലയുടെ വടക്കേയറ്റത്തുള്ള പെരുമ്പളം ദ്വീപ് ഭൂമിശാസ്ത്രപരമായി എറണാകുളം ജില്ലയോടു ചേർന്നതാണെന്നാണ് ഹർജിയിലെ വാദം. സ്കൂൾ, കോളേജ്, ആശുപത്രി തുടങ്ങിയ സൗകര്യങ്ങൾക്കെല്ലാം ദ്വീപ് നിവാസികൾ എറണാകുളത്തെയാണ് ആശ്രയിക്കുന്നത്. അരലക്ഷത്തോളം ജനങ്ങൾ താമസിക്കുന്ന ദ്വീപിൽ നിന്ന് എറണാകുളം ജില്ലാ ആസ്ഥാനത്തേക്ക് 19 കിലോമീറ്റർ മാത്രമാണ് ദൂരമുള്ളതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 1997 ൽ സമാന ആവശ്യമുന്നയിച്ച് നൽകിയ ഹർജിയിൽ ഇൗയാവശ്യത്തിനായി സമർപ്പിച്ച നിവേദനം പരിഗണിക്കണമെന്ന് ഹൈക്കോടതി സർക്കാരിനോടു നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇനിയും നടപടിയുണ്ടായില്ലെന്ന് വ്യക്തമാക്കിയാണ് ഹർജിക്കാരൻ വീണ്ടും ഹൈക്കോടതിയിലെത്തിയത്.