vote

കോലഞ്ചേരി: വോട്ട്.... വൊ ക്യാ ഹെ ? തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് ഭായിമാരുടെ മറുപടിയാണിത്. ഇവിടുത്തെ തിരഞ്ഞെടുപ്പിനെ കുറിച്ചൊന്നും ഭായിമാർക്കറിയില്ല. പലരും വോട്ടു പോലും ചെയ്തിട്ടില്ല. എന്നാൽ ഇവിടെ നടക്കുന്ന തിരഞ്ഞെടുപ്പ് പൂരത്തിൽ അവർ സജീവമാണ്. പോസ്റ്ററൊട്ടിക്കാനും, ബോർഡു വയ്ക്കാനും, മതിലിൽ വെള്ള പൂശാനും കൊടി തോരണങ്ങൾ കെട്ടാനുമൊക്കെ ഇവർ റെഡിയാണ്. എന്ത് പണിയ്ക്കും അവരുണ്ട്. ഒറ്റ നിബന്ധന മാത്രം പണി കഴിയുമ്പോ കൂലി റെഡി കിട്ടണം. ഒപ്പം മലയാളം അറിയാവുന്ന ഒരാളും വേണം. ബാനറും, പോസ്റ്ററും വയ്ക്കുമ്പോൾ തലതിരിഞ്ഞ് പോകാതിരിക്കാനാണിത്. ഏ​റ്റെടുത്ത പണി കൃത്യമായി നടത്തും. അത് ഗ്യാരണ്ടി. ഇവിടെ തിരഞ്ഞെടുപ്പിന്റെ അവിഭാജ്യ ഘടകമായി ഭായിമാർ മാറുമ്പോൾ സ്വന്തം നാട്ടിൽ പോയി വോട്ടു ചെയ്യുന്നതിനായി പലരും തയ്യാറല്ല. നാട്ടിൽ പോയി തിരിച്ചു വരുന്നതിനുള്ള ഭാരിച്ച ചിലവും കൂടാതെ നിലവിലുള്ള ജോലി കളഞ്ഞ് പോകാനുള്ള മടിയുമാണ് കാരണം. ചില പ്ലൈവുഡ് സ്ഥാപന ഉടമകളുമായി അസാം, ബംഗാൾ എന്നിവിടങ്ങളിലെ പാർട്ടി നേതാക്കൾ ബന്ധപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഒരേ സ്ഥലത്തു നിന്നും എത്തിയവരെ തിരിച്ച് നാട്ടിലെത്തിക്കാനുള്ള ചിലവടക്കം നല്കാമെന്ന വാഗ്ദാനവുമുണ്ട്. പെരുമ്പാവൂരിൽ നിന്നും ബസിൽ നാട്ടിലെത്താനുള്ള ചിലവാണ് വാഗ്ദാനം. ഇവിടെ കിട്ടുന്ന കൂലി ഓർത്ത് പലർക്കും പോകാൻ മടിയാണ്. ഇരുപത് ലക്ഷത്തിലധികം അന്യ സംസ്ഥാന തൊഴിലാളികൾ സംസ്ഥാനത്തുണ്ടെന്നാണ് കണക്ക്.