കൊച്ചി: ഫണ്ട് പിരിക്കാൻ വിസമ്മതിച്ചതിന് എറണാകുളം മഹാരാജാസ് കോളേജ് മെൻസ് ഹോസ്റ്റലിൽ വിദ്യാർത്ഥിയെ എസ്.എഫ്.ഐക്കാർ പൂട്ടിയിട്ട് റാഗ് ചെയ്തതായി പരാതി. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘം ഹോസ്റ്റൽ മുറിയിൽ ഒരുരാത്രി പൂട്ടിയിട്ട് മർദ്ദിച്ചെന്നും വിവസ്ത്രനാക്കിയെന്നും മലയാളവിഭാഗം ഒന്നാം വർഷ വിദ്യാർത്ഥിയും മലപ്പുറം സ്വദേശിയുമായ റോബിൻസൺ പ്രിൻസിപ്പലിന് നൽകിയ പരാതിയിൽ പറയുന്നു. പരാതി പ്രിൻസിപ്പൽ പൊലീസിനും കോളേജിലെ ആന്റി റാഗിംഗ് സെല്ലിനും കൈമാറി. ഏഴ് പേർക്കെതിരെ സെൻട്രൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
എസ്.എഫ്.ഐ അനുഭാവിയാണെങ്കിലും എൻ.സി.സിയിൽ പ്രവർത്തിക്കുന്നതിനാൽ പ്രവർത്തന ഫണ്ട് പിരിക്കാൻ കഴിയില്ലെന്ന് അറിയിച്ചതാണ് പ്രകോപനകാരണം. പരിക്കേറ്റ റോബിൻസൺ എറണാകുളം ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ ചികിത്സയിലാണ്.
റോബിൻസ് പറയുന്നത്
മുറി തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് ഒന്നാം വർഷ വിദ്യാർത്ഥികൾ ഹോസ്റ്റലിൽ എത്തിച്ച് മൂന്നാം നിലയിലെ 86ാം മുറിയിൽ പൂട്ടിയിട്ടു. ഇവിടെ വച്ചാണ് മർദ്ദിച്ച് അവശനാക്കിയത്. രാത്രി 89ാം മുറിയിലേയ്ക്ക് മാറ്റി. പിറ്റേന്ന് 11 മണിയോടെയാണ് തുറന്നുവിട്ടത്. വിവരം പുറത്തുപറഞ്ഞാൽ പെണ്ണുകേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി.
എസ്.എഫ്.ഐ പറയുന്നത്
റോബിൻസ് കടന്നുപിടിച്ചെന്ന് കാട്ടി ഒന്നാം വർഷ വിദ്യാത്ഥിനി പ്രിൻസിപ്പലിന് പരാതി നൽകിയിട്ടുണ്ട്. ഇതിൽ നിന്നും ശ്രദ്ധതിരിക്കാനാണ് റാഗിംഗിന് വിധേയനായെന്ന വ്യാജപരാതി നൽകിയത്.എസ്.എഫ്.ഐയ്ക്ക് ഇതുമായി ബന്ധമില്ല.
''ഒന്നാം വർഷ വിദ്യാർത്ഥിനിയുടെയും വിദ്യാർത്ഥിയുടെയും പരാതികൾ ലഭിച്ചിരുന്നു. ഇതിൽ വിദ്യാർത്ഥിനിയുടെ പരാതി കോളേജിലെ ആന്റി ഹരാസ്‌മെന്റ് സെല്ലിനും വിദ്യാർത്ഥി നൽകിയ പരാതി പൊലീസിനും ആന്റി റാഗിംഗ് സെല്ലിനും കൈമാറി.''
ഡോ. മാത്യു ജോർജ്
പ്രിൻസിപ്പൽ
മഹാരാജാസ് കോളേജ്