കൊച്ചി: മഞ്ചേരി എസ്.സി.എം മാഗ്നസ് കോളേജ് വിദ്യാർത്ഥി ശരത്ത് രാജേഷിന്റെ മരണത്തിൽ അന്വേഷണം ഊർജിതമാക്കണമെന്ന് മാതാപിതാക്കളായ രാജേഷ് സ്വപ്ന എന്നിവർ ആവശ്യപ്പെട്ടു. മഞ്ചേരി സ്റ്റേഷനിലെ റിട്ടയേർഡ് എസ്.ഐ മൂസയും അദ്ധ്യാപകൻ നിസാറുമാണ് മകന്റെ മരണത്തിന് ഉത്തരവാദികളെന്നും മാതാപിതാക്കൾ പറഞ്ഞു. മരണത്തിൽ കോളേജ് അധികൃതർക്ക് പങ്കുണ്ടെന്നും പൊലീസ് അന്വേഷണം വഴിതിരിച്ചു വിടുകയാണെന്നുമാണ് ആരോപണം.
ജനുവരി 19നാണ് ഷൊർണ്ണൂർ റെയിൽവേ ട്രാക്കിൽ ശരത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് മകന്റെ ഫോണിൽ വിളിച്ചെങ്കിലും അദ്ധ്യാപകനാണ് എടുത്തതെന്നും മകന് ഫോൺ കൊടുത്തില്ലെന്നും അമ്മ സ്വപ്ന പറഞ്ഞു. മകന്റെ സഹപാഠികളായ ചിലർക്ക് സംഭവവുമായി ബന്ധപ്പെട്ട് അറിയാവുന്ന കാര്യങ്ങൾ കേൾക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്നും അവരെയും മാതാപിതാക്കളെയും ഭീഷണിപ്പെടുത്തുകയാണെന്നാണ് പരാതി. കോളേജ് അധികൃതർ പൊലീസിന് കെെമാറിയ ശരത്തിന്റെ ഫോണും മാതാപിതാക്കൾക്ക് തിരികെ ലഭിച്ചിട്ടില്ല.