
മൂവാറ്റുപുഴ: ചുമരെഴുത്തു കണ്ടാൽ ഗൾഫാണെന്ന് തോന്നുമെങ്കിലും ഇത് ഗൾഫല്ല.
അറബികിലാണ് ചുവരെഴുത്ത്. മൂവാറ്റുപുഴ നിയോജക മണ്ഡലം ഇടതു മുന്നണി സ്ഥാനാർത്ഥി എൽദോ എബ്രഹാമിനു വേണ്ടിയാണ് അറബി മലയാളത്തിൽ ചുവരെഴുതിയിട്ടുള്ളത്. നഗരത്തിലെ വിവിധ ഭാഗങ്ങളിലാണ് എൽദോയ്ക്ക് വോട്ട് അഭ്യർത്ഥിച്ച് മുൻ കൗൺസിലർ പി.വൈ. നൂറുദ്ദീന്റെ നേതൃത്വത്തിൽ
വ്യത്യസ്ഥമായ ഇൗ ചുവരെഴുത്ത് നടത്തിയത്.
20 വർഷം ഗൾഫിലായിരുന്ന പി.വൈ .നൂറുദ്ദീന് സൈൻ ബോർഡ് എഴുതലായിരുന്നു ജോലി. പ്രവാസ ജീവിതത്തിനുശേഷം നാട്ടിലെത്തി ബോർഡ് എഴുത്ത് തുടർന്നു. ഇതിനിടയിൽ നഗരസഭ കൗൺസിലറുമായി. വാർഡിലെ എൽദോ എബ്രഹാമിന്റെ പ്രവർത്തനത്തിന് നന്ദി സൂചകമായാണ് നൂറുദ്ദീൻ സ്വന്തം ചിലവിൽ അറബിക് ഭാഷയിലെ ചുവരെഴുതുന്നത്. അറബി ചുവരെഴുത്ത് കണ്ടതോടെ അറബി അറിയാവുന്നവരും അറിയാത്തവരും ചുവരെഴുത്ത് കാണുന്നതിനും വായിക്കുന്നതിനുമായി എത്തുന്നതായി പി.വൈ. നൂറുദ്ദീൻ പറഞ്ഞു.