election

കൊച്ചി: തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്ന വനിതകൾക്ക് തോൽവി സമ്മാനിക്കുന്ന ജില്ലയെന്ന ദുഷ്പേര് എറണാകുളത്തിനുണ്ടോ..? ഉണ്ട് എന്നാണ് ശക്തമായ സ്ത്രീപക്ഷവിമർശനം. അതിൽ മുന്നണിഭേദവുമില്ല.

പ്രമുഖരുൾപ്പെടെ നിരവധി വനിതകൾ മത്സരിച്ചിട്ടും ഒരാൾപോലും കരകയറിയിട്ടില്ലെന്നത് രാജ്യത്ത് ആദ്യമായി സമ്പൂർണ സാക്ഷരത കൈവരിച്ച ജില്ലയുടെ സൽപേരിന് കളങ്കമാണെന്നും ആക്ഷേപമുണ്ട്. 1960 ൽ മട്ടാഞ്ചേരിയിൽ മത്സരിച്ച രത്നം രംഗനാഥ റോയ് ആണ് ജില്ലയിലെ ആദ്യ വനിതാ സ്ഥാനാർത്ഥി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കെ.കെ. വിശ്വനാഥനോട് 14,586 വോട്ടിന് തോൽവി ഏറ്റുവാങ്ങാനായിരുന്നു ജനവിധി.

പിന്നീട് 1977 ൽ അങ്കമാലിയിൽ മേരി വർഗീസ്, എറണാകുളത്ത് എം.ആർ. സരോജിനി, മൂവാറ്റുപുഴയിൽ പെണ്ണമ്മ ജേക്കബ് എന്നിവർ സ്വതന്ത്രരായി മത്സരിച്ചെങ്കിലും വിജയത്തിന്റെ ഏഴയലത്തുപോലും എത്തിയില്ല.

1980 ൽ അങ്കമാലിയിൽ മത്സരിച്ച മേരി ജോസും 1982 ൽ പെരുമ്പാവൂരിൽ പോരിനിറങ്ങിയ സരസ്വതി രാമയ്യരും തോൽവി ഏറ്റുവാങ്ങി. 1987 ൽ അങ്കമാലിയിൽ അങ്കംകുറിച്ച ഇടതുമുന്നണി സ്ഥാനാർത്ഥി സി.പി.എമ്മിലെ എം.സി. ജോസഫൈൻ കേരള കോൺഗ്രസിലെ വി.എം. മാണിയോട് 5,500 വോട്ടിന് തോറ്റു. 1987ൽ പെരുമ്പാവൂരിൽ ബി.ജെ.പി സ്ഥാനാർത്ഥി എം.പി. സരോജിനിയമ്മയും 1991 ൽ തൃപ്പൂണിത്തുറയിൽ ബി.ജെ.പി സ്ഥാനാർത്ഥി രാധ പുരുഷോത്തമനും തോറ്റവരുടെ പട്ടികയിലുണ്ട്. കുന്നത്തുനാട്ടിൽ ഇടതു സ്വതന്ത്രയായി രംഗത്തിറങ്ങിയ റുക്കിയബീവി അലി 7,470 വോട്ടിന്റെ വ്യത്യാസത്തിൽ ടി.എച്ച്. മുസ്തഫയോട് പരാജയം ഏറ്റുവാങ്ങി. ആലുവയിൽ 1996 മത്സരിച്ച ഇടതുമുന്നണി സ്ഥാനാർത്ഥി സരോജിനി ബാലാനന്ദനും 2001 ൽ ജനവിധി തേടിയ അഡ്വ. കെ.കെ. സജിതയും പരാജയപ്പെട്ട പ്രമുഖരുടെ പട്ടികയിലാണ്. 2006 ൽ മട്ടാഞ്ചേരിയിൽ എം.സി.ജോസഫൈനും പെരുമ്പാവൂരിൽ ഷാനിമോൾ ഉസ്‌മാനും പരാജയപ്പെട്ടു. 2011 ൽ കൊച്ചിയിൽ കച്ചകെട്ടിയ എം.സി. ജോസഫൈൻ മൂന്നാമത്തെ തോൽവി ഏറ്റുവാങ്ങി. 2016 ൽ ആലുവയിലെ എൻ.ഡി.എ സ്ഥാനാർത്ഥി ലതഗംഗാധരൻ ഉൾപ്പെടെ വിവിധ മണ്ഡലങ്ങളിൽ മത്സരിച്ച 12 വനിതകളും തോറ്റു.