കൊച്ചി: എറണാകുളത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷാജി ജോർജിന്റെ പ്രചാരണം മുന്നേറുന്നു. കലൂർ പ്രദേശത്തെ വീടുകളിലെത്തി സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചു. എളമക്കരയിൽ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തു. കുഴഞ്ഞുവീണു മരിച്ച കലൂരിലെ നമ്പർ 113 ബൂത്ത് സെക്രട്ടറി പി.ആർ. കിഷോറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. എഴുത്തുകാരൻ നാരായനെ എളമക്കരയിലെ വീട്ടിലെത്തി സന്ദർശിച്ചു.
എളമക്കരയിൽ നടന്ന എറണാകുളം മണ്ഡലം യൂത്ത് മാർച്ചിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. മേയർ അഡ്വ.എം. അനിൽകുമാർ മാർച്ച് ഉദ്ഘാടനം ചെയ്തു. കുന്നുംപുറം, ചേരാനല്ലൂർ, വടുതല, എറണാകുളം ലോക്കൽ കൺവെൻഷനുകളിലും സ്ഥാനാർത്ഥി പങ്കെടുത്തു. സാബു ജോർജ്, പി.എൻ. സീനുലാൽ, എം.പി. രാധാകൃഷ്ണൻ, യേശുദാസ് പറപ്പള്ളി, എസ്. ശശികല തുടങ്ങിയവർ സംസാരിച്ചു.