കൊച്ചി: ചിത്രകലാകരന്മാരുടെ കൂട്ടായ്മയായ ചിത്രച്ചന്തയുടെ നേതൃത്വത്തിൽ യുവകലാകാരന്മാർ നടത്തുന്ന വെർച്വൽ ചിത്രപ്രദർശനമായ ആർട്ട് മാർട്ട് 21 ആരംഭിച്ചു. ഓൺലൈനിലൂടെ ലളിതകലാ അക്കാഡമി ചെയർമാൻ നേമം പുഷ്പരാജ് ഉദ്ഘാടനം ചെയ്തു. സംവിധായകരായ സിദ്ദിഖ്, സലാം ബാപ്പു, എം.എ. നിഷാദ്, കിരൺ ജി. നാഥ്, സിനിമാ താരങ്ങളായ ലാൽ, രൺജി പണിക്കർ, രമ്യാ നമ്പീശൻ, ഗിന്നസ് പക്രു, ഇർഷാദ്, ഡോ.കെ.ബി. പവിത്രൻ, ഡോ. ബിജു, ഡോ. രാംദാസ് നായിക് എന്നിവർ പങ്കെടുത്തു. 70 കലാകാരൻമാരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.
ചലച്ചിത്ര നടി ഷീല, നടനും മിമിക്രി താരവുമായ കോട്ടയം നസീർ, വ്യവസായ സംരംഭക ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എന്നിവരുൾപ്പെടെ പ്രദർശനത്തിൽ പങ്കാളികളായി. സംഘാടകരായ കോമുസൺസ് എം.ഡി. ആസിഫ് അലി കോമു, ക്യൂറേറ്ററും ചിത്രകലാ അദ്ധ്യാപികയുമായ സീമ സുരേഷ്, ആർട്ട് മാർട്ട് ചീഫ് എക്‌സിക്യൂട്ടീവ് മാമ്പുഴക്കരി വി.എസ്. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.