laly

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ലതിക സുഭാഷിന്റെ നടപടിയെ വിമർശിച്ച് മുതിർന്ന നേതാവ് ലാലി വിൻസന്റ്.

മഹിളാ കോൺഗ്രസി​ന്റെ തലപ്പത്തിരുന്ന് കെ.പി.സി.സി ആസ്ഥാനത്ത് തലമുണ്ഡനം ചെയ്ത ലതിക സുഭാഷിന്റെ പ്രവൃത്തിയെ ഒരിക്കലും ന്യായീകരിക്കാനാകില്ലെന്നും പ്രതിഷേധം അതിന് ചേർന്ന വേദിയിൽ വച്ചാകാമായിരുന്നുവെന്നും അവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രതിഷേധത്തിന് തിരഞ്ഞെടുത്ത സമയവും സ്ഥലവും തെറ്റി.

തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയെയും സ്ത്രീസമൂഹത്തെയും സമ്മർദ്ദത്തിലാക്കിയ ലതിക പ്രതിപക്ഷത്തിന് ആയുധം നൽകുകയാണ് ചെയ്തത്. പാർട്ടിക്കുണ്ടായ അപമാനം മായ്ക്കാൻ ആർക്കും കഴിയില്ല.

ലതിക സുഭാഷിന് സീറ്റ് നിഷേധിക്കപ്പെട്ടിട്ടില്ല. ഏറ്റുമാനൂർ സീറ്റ് വേണമെന്ന വാശിയാണ് നടക്കാതെപോയത്. അതിന് കോൺഗ്രസ് നേതൃത്വത്തെ പഴിചാരിയിട്ട് കാര്യമില്ല. സീറ്റ് ലഭിച്ചിരുന്നെങ്കിൽ മഹിളാ കോൺഗ്രസിന് അർഹമായ പ്രധാന്യം ലഭിച്ചില്ലെന്ന് കാണിച്ച് അത് ഉപേക്ഷിക്കുവാൻ ലതിക തയ്യാറാകുമായിരുന്നോയെന്നും ലാലി വിൻസെന്റ് ചോദിച്ചു.

ലതിക - കെ.ആർ. സുഭാഷ് ദമ്പതികൾക്ക് കോൺഗ്രസ് ധാരാളം പദവികളും അംഗീകാരങ്ങളും നൽകിയിട്ടുണ്ട്. മുൻ തിരഞ്ഞെടുപ്പുകളിൽ അവർക്ക് മത്സരിക്കാൻ അവസരം നൽകി. ഇക്കാര്യങ്ങൾ കണക്കിലെടുത്ത് രാജി പിൻവലിച്ച് നേതൃത്വത്തോട് ക്ഷമ പറഞ്ഞ് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ലതിക മുന്നിട്ടിറങ്ങണമെന്ന് ലാലി ആവശ്യപ്പെട്ടു.