ആലുവ: കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ച് വിതരണം നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ. തൊടുപുഴ കുമ്മൻകല്ല് തൊട്ടിയിൽ വീട്ടിൽ റസ്സൽ (അമ്മായി റസൽ - 36 ) നെയാണ് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ആയിരക്കണക്കിന് കിലോ കഞ്ചാവാണ് മൂന്നു നാലു വർഷത്തിനുള്ളിൽ ഇയാൾ കേരളത്തിലെത്തിച്ച് വിതരണം നടത്തിയത്. മൂന്നു ദിവസം നീണ്ടു നിന്ന പൊലീസ് ഓപ്പറേഷനൊടുവിൽ ഇടുക്കി വനമേഖലയിലെ തോപ്രാംകുടി മേലെചാന്നാർ ഭാഗത്തുള്ള ഒളിസങ്കേതത്തിൽ നിന്നുമാണ് ഇയാളെ സാഹസികമായി പിടികൂടിയത്. മാസങ്ങളോളം നീണ്ട നിരീക്ഷണത്തിന് ഒടുവിൽ കഴിഞ്ഞ നവംബറിൽ രണ്ട് ആഡംബരക്കാറുകളിൽ കടത്തുകയായിരുന്ന 105 കിലോ കഞ്ചാവ് അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്ത് വച്ച് റൂറൽ പൊലീസ് പിടികൂടിയിരുന്നു. തുടർന്ന് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.
ഉത്തര ആന്ധ്രയിലുളള പാഡേരു എന്ന ഗ്രാമത്തിൽ നിന്നാണ് കേരളത്തിലേയ്ക്കുളള കഞ്ചാവ് വിതരണത്തിന്റെ പ്രധാന കേന്ദ്രം. തമിഴ്‌നാട്, കർണാടക, ഉത്തർപ്രദേശ്, രാജസ്ഥാൻ മുതലായ സംസ്ഥാനങ്ങളിലേയ്ക്കും ഇവിടെ നിന്നും കഞ്ചാവ് കയറ്റി അയക്കുന്നുണ്ട്. ആന്ധ്ര കേന്ദ്രീകരിച്ചു കഞ്ചാവ് കടത്തുന്നന്ന മലയാളികളെപ്പറ്റി വ്യക്തമായ വിവരം അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു.