petrol

കൊച്ചി: റീമിക്സുകളുടെ കാലമാണല്ലോ. തിരഞ്ഞെടുപ്പിലുമെത്തി അസൽ റീമിക്സ്. പാട്ടല്ല, കടങ്കഥയാണ് പുതിയ വെ‌ർഷനിൽ അവതരിപ്പിച്ചത്. 'ഓടും പെട്രോൾ, ചാടും പെട്രോൾ, ഇലക്ഷൻ കണ്ടാൽ നിൽക്കും പെട്രോൾ' എന്നാണ് പരിഷ്കരണം. സംഭവം സോഷ്യൽ മീഡിയയിലെ കിങ്കരന്മാ‌ർ തട്ടിവിട്ടതാണെങ്കിലും ഇന്ധനവില 91.30 രൂപയിൽ കുറ്റിയടിച്ചു നില്പാണ്. ദിവസവും കുതിച്ചിരുന്ന വില രണ്ടാഴ്ചയായി കൂടിയിട്ടില്ല. ‌

ഡീസലിന്റെ കഥയും തഥൈവ.സോഷ്യൽമീഡിയകളിലെ സി.ഐ.ഡിമാർ നടത്തിയ അന്വേഷണത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനമാണ് സഡൺ ബ്രേക്കിടലിന് പിന്നിലെന്നാണ് കണ്ടെത്തിയത്. അതേസമയം സാധാരണക്കാരന്റെ തലയിലേയ്ക്ക് അധികഭാരം ഇറക്കിവച്ച് പെടുന്നനെയുള്ള ഈ ബ്രേക്കിഡലൊന്നും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ പെട്രോളിന്റെ സ്റ്റാർവാല്യു ഒട്ടും കുറിച്ചിട്ടില്ല. അതിങ്ങനെ കത്തിക്കത്തി നിൽക്കുകയാണ്. ആഗോള അസംസ്കൃത എണ്ണയുടെ വിലക്കയറ്റവും പെട്രോളിയം ഉത്പന്നങ്ങളുടെ ആവശ്യകത ഉയർന്നതുമാണ് ഇന്ധനവില വർദ്ധിക്കാനുള്ള പ്രധാന കാരണങ്ങൾ. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറഞ്ഞെങ്കിലും എണ്ണക്കമ്പനികൾ വില വർദ്ധിപ്പിക്കുന്നതും ഇന്ധനവില വർദ്ധനവിന് കാരണമാണ്. ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയും ഡോളർ, രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്തെ ഇന്ധനവില നിർണയിക്കുന്നത്. ആഗോള ക്രൂഡ് ഓയിൽ വിലയും ഡോളർ വിനിമയ നിരക്കും കുത്തനെ ഉയർന്നു. ഒരു ബാരൽ അസംസ്‌കൃത എണ്ണയ്ക്ക് 68.29 ഡോളറാണ് വില.