
പ്രിയ സഹോദരി ലതികാ സുഭാഷിന് അഭിനന്ദനം. 40 വർഷം ഹൃദയത്തിന്റെ ഭാഗമായിക്കണ്ട കോൺഗ്രസ് പാർട്ടിക്ക് തന്നെ വേണ്ടെന്ന് മനസിലാക്കിയപ്പോൾ തലമുണ്ഡനം ചെയ്ത് പ്രതീകാത്മക ബലികർമ്മം നടത്താൻ കാണിച്ച ആ ചങ്കൂറ്റമുണ്ടല്ലോ അതിന് കൊടുക്കണം ഒരു കുതിരപ്പവൻ.
പെണ്ണായതു കൊണ്ടല്ല കോൺഗ്രസ് ലതികയെ കറിവേപ്പിലപോലെ എടുത്ത് പുറത്ത് കളഞ്ഞത്. പ്രവർത്തന പാരമ്പര്യമില്ലാത്തതു കൊണ്ടുമല്ല. അവർ ക്രിസ്ത്യാനിയോ മുസ്ളിമോ ആയിരുന്നെങ്കിൽ സ്ഥാനാർത്ഥിപ്പട്ടികയിൽ നിന്ന് പേരുവെട്ടാൻ ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയുമൊക്കെ കൈ വിറച്ചേനെ.
കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ പിന്നാക്ക ഹിന്ദുക്കൾ അപ്രസക്തരാവുകയാണെന്ന സത്യത്തിന്റെ ഉത്തമ ഉദാഹരണമാണ് ലതിക സുഭാഷ്. ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും മൂന്ന് മുന്നണികളുടെയും അധികാരസ്ഥാനങ്ങളിൽ നിന്നും പദവികളിൽ നിന്നും അകന്നുപോകുന്ന വിഭാഗമാണ് പിന്നാക്ക ഹൈന്ദവർ. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പുകാലത്ത് കണക്കുകൾ സഹിതം കേരളകൗമുദി ഇക്കാര്യം പുറത്തു കൊണ്ടുവന്നപ്പോഴാണ് അപകടത്തിന്റെ ഗൗരവം കേരള സമൂഹം മനസിലാക്കിയത്. അസംബ്ളി തിരഞ്ഞെടുപ്പിലെങ്കിലും തെറ്റുതിരുത്താനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതെല്ലാം വെറുതെയായി.
സ്ഥാനാർത്ഥിപ്പട്ടിക ഒന്നെടുത്ത് നോക്കിയാൽ മതി കാര്യം മനസിലാകാൻ. ജനസംഖ്യയുടെ 45 ശതമാനത്തോളം വരുന്ന പിന്നാക്ക ഹൈന്ദവർക്ക് സ്ഥാനാർത്ഥിപ്പട്ടികകളിൽ 25 ശതമാനം പങ്കുപോലുമില്ല. ജനസംഖ്യാനുപാതികമായി ലഭിക്കേണ്ടതിന്റെ എത്രയോ അധികമാണ് ന്യൂനപക്ഷ മതവിഭാഗങ്ങളും നായർ സമുദായവും കൈക്കലാക്കുന്നത്. ഇടത്, വലത്, ബി.ജെ.പി മുന്നണികളിലെല്ലാം ഇതുതന്നെയാണ് സ്ഥിതി.
യു.ഡി.എഫിൽ വെറും 14 പേർ മാത്രമാണ് ഇതുവരെ ഈഴവ സ്ഥാനാർത്ഥികൾ. എൽ.ഡി.എഫിൽ 25 പേരും. ഇവരിൽ എത്രപേർ ജയിച്ചു കയറുമെന്ന് കണ്ടറിയണം. ജനസംഖ്യാനുപാതികമായി 37 സീറ്റെങ്കിലും ലഭിക്കേണ്ട സ്ഥാനത്താണ് ഇരുമുന്നണികളും ഈ അനീതി കാട്ടുന്നത്.
കോൺഗ്രസിലെ എട്ടുപേരും മുസ്ളിം ലീഗിലെ 25 പേരും ചേരുമ്പോൾ തന്നെ യു.ഡി.എഫിൽ 33 മുസ്ളിങ്ങളുണ്ട്. മറ്റ് ഘടകകക്ഷികളിലെ മുസ്ളിങ്ങൾ വേറെയുമുണ്ടാകും. 11 കേരള കോൺഗ്രസുകാരും 22 കോൺഗ്രസുകാരും ചേർന്ന് 33 ക്രൈസ്തവരായി യു.ഡി.എഫിൽ.
27 ശതമാനം വരുന്ന മുസ്ളിങ്ങൾക്കും 18 ശതമാനം വരുന്ന ക്രൈസ്തവർക്കും അവർക്ക് അർഹതപ്പെട്ടതിനെക്കാൾ എത്രയോ അധികം സീറ്റുകൾ ഇടതു, വലതു മുന്നണികൾ നൽകുമ്പോഴാണ് ഈഴവർക്ക് 14, 25 സീറ്റുകൾ ഭിക്ഷ നൽകി അവഹേളിക്കുന്നത്. 12 ശതമാനം തികച്ചില്ലാത്ത നായർ സമുദായത്തിന് യു.ഡി.എഫ് നൽകിയതാകട്ടെ 26 സീറ്റുകളാണെന്നും ഓർക്കണം.
നിലവിലെ കേരള രാഷ്ട്രീയത്തിൽ 'ആദർശം' ഹിന്ദുക്കൾക്ക്, വിശേഷിച്ച് പിന്നാക്ക ഹിന്ദുക്കൾക്ക് വേണ്ടി മാത്രം 'സംവരണം ചെയ്ത വിഷയ'മാണ്. അതുകൊണ്ടാണ് ക്രൈസ്തവ, മുസ്ളിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ അന്യമതക്കാരെ ഇവർ സ്ഥാനാർത്ഥിയാക്കാൻ മടിക്കുന്നതും ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള അരൂർ, തൃക്കാക്കര, കളമശേരി, എറണാകുളം പോലുള്ള മണ്ഡലങ്ങൾ ന്യൂനപക്ഷ സംവരണ മണ്ഡലങ്ങളാകുന്നതും.
സമകാലിക രാഷ്ട്രീയത്തിൽ അർഹതപ്പെട്ട അവസരങ്ങൾ പോലും വിലപേശി വാങ്ങേണ്ട സ്ഥിതിയാണ്. രാഷ്ട്രീയാധികാരം കൊണ്ട് ന്യൂനപക്ഷ വിഭാഗങ്ങൾ പൊതുസമ്പത്ത് കൊള്ളയടിക്കുന്നത് കണ്ടുനിൽക്കേണ്ട ഗതികേടിന് അന്ത്യം കുറിക്കേണ്ട കാലമായി. രാഷ്ട്രീയത്തിന്റെ പുറമ്പോക്കിൽ അന്തിയുറങ്ങാൻ വിധിക്കപ്പെട്ടവരാകരുത് പിന്നാക്ക ഹിന്ദുക്കൾ. നിലനിൽക്കണമെങ്കിൽ ജാതിയും മതവും പറഞ്ഞുതന്നെ പോരാടേണ്ടിവരും. ഇനി ഒരു പാർട്ടിയിലും ജാതീയമായി അവഗണിക്കപ്പെടാനും ഒതുക്കപ്പെടാനും പിന്നാക്ക ഹിന്ദുക്കൾ നിന്നുകൊടുക്കരുത്. എന്നെങ്കിലും കിട്ടിയേക്കാവുന്ന ഒരു എല്ലിൻ കഷണത്തിനായി അനന്തമായി കാത്തുനിൽക്കേണ്ട ഗതികേട് ഈ സമൂഹത്തിന് ഉണ്ടാക്കിവച്ചതിന്റെ ഉത്തരവാദിത്വം നമുക്കെല്ലാവർക്കുമുണ്ട്. വരുന്ന തലമുറയെങ്കിലും ഇതിൽ നിന്ന് രക്ഷനേടണമെങ്കിൽ എല്ലാ പാർട്ടികളിലും ലതികമാരും ജ്യോതിസുമാരും ഉണ്ടാകണം. ലതിക കാണിച്ച ധൈര്യം ആയുസ് വിവിധ പാർട്ടികൾക്കായി നീക്കിവച്ച നമ്മുടെ പല പുരുഷകേസരികൾക്കും ഇതുവരെ ഉണ്ടായിട്ടില്ല. ഈ അനീതി അവസാനിപ്പിക്കാൻ, രാഷ്ട്രീയ അടിമത്തത്തിന് അവസാനം കുറിക്കാൻ ഇനിയും ഒട്ടേറെ മുണ്ഡനങ്ങൾ വേണ്ടിവരും. പ്രതികരിച്ചാലേ ഒരു പരിധി വരെയെങ്കിലും ഇതിനൊക്കെ പരിഹാരമുണ്ടാകൂ. ലതിക നമുക്ക് ഒരു മാതൃകയാകട്ടെ. ആ കണ്ണീർ വെറുതേയാകരുത്...