
കൊച്ചി: ഇതാര് ഡോക്ടറോ.. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ വോട്ടർമാർ ആകാംക്ഷയോടെയാണ് ചോദിക്കുന്നത്. ആശുപത്രിയിൽ കണ്ടുപരിചയമുള്ള ഡോക്ടർമാർ ഇപ്പോൾ തിരഞ്ഞെടുപ്പ് ഗോദയിലാണ്. പതിവിലും വ്യത്യസ്തമായി നിയമസഭാ തിരഞ്ഞെടുപ്പിൽ നിരവധി പ്രൊഫഷണലുകൾ രംഗത്തുവന്നതോടെ സ്ഥാനാർത്ഥിയുടെ പശ്ചാത്തലവും ചർച്ചയാവുകയാണ്. പ്രൊഫഷണലുകളുടെ ഒരുനിര തന്നെയാണ് കിഴക്കമ്പലം ട്വന്റി 20 സ്ഥാനാർത്ഥി പട്ടിക. സി.പി.എം സ്ഥാനാർത്ഥി പട്ടികയും വ്യത്യസ്തമല്ല. ട്വന്റി 20 യുടെ ടെറി തോമസ് എടത്തൊട്ടി, ജോബ് ചക്കാലക്കൽ, ജോ ജോസഫ് സി.പി.എമ്മിന്റെ ജെ. ജേക്കബ് എന്നിവരാണ് ആതുരസേവനത്തിൽ നിന്ന് ജനമദ്ധ്യത്തിലേക്ക് ഇറങ്ങുന്നത്.
എറണാകുളം ലിസി ആശുപത്രിയിൽ കൺസൾട്ടന്റ് ഓർത്തോഡെന്റിസ്റ്റാണ് ട്വന്റി 20 തൃക്കാക്കര സ്ഥാനാർത്ഥി ടെറി തോമസ് എടത്തൊട്ടി. കോതമംഗലം സ്ഥാനാർത്ഥി ജോ ജോസഫ് എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസറായിരുന്നു. തൃക്കാക്കരയിലെ സി.പി.എമ്മിന്റെ സ്വതന്ത്ര സ്ഥാനാർത്ഥി ജെ. ജേക്കബ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ആക്സിഡന്റ് ട്രോമ സർജനാണ്. ഇവർക്കുള്ള സാമൂഹ്യബന്ധങ്ങളും സുഹൃത്തുക്കളും ബന്ധുബലവും രോഗികളും ഒക്കെയാണ് പാർട്ടികളുടെ പ്രതീക്ഷ. രോഗികളും ചികിത്സയുമായി കഴിഞ്ഞിരുന്ന ഇവർക്കും പുതിയ അദ്ധ്യായങ്ങളാണിത്.
 നാടിനും നല്ല ചികിത്സ
ശരീരത്തിനെന്ന പോലെ നാടിനും നല്ല ചികിത്സ നൽകുകയാണ് ലക്ഷ്യം. കുടിവെള്ളം, മാലിന്യം തുടങ്ങിയ പ്രശ്നങ്ങൾ ജനങ്ങൾ ഉന്നയിക്കുന്നുണ്ട്. അവയ്ക്ക് പരിഹാരമുണ്ടാക്കാൻ നടപടി സ്വീകരിക്കും.
ഡോ.ജെ. ജേക്കബ്
എൽ.ഡി.എഫ്, തൃക്കാക്കര