
കൊച്ചി: നാലാം അങ്കവും ജയിക്കാൻ കച്ചമുറുക്കി വി.ഡി സതീശൻ. അങ്കത്തട്ടിൽ ഇടതുവീര്യം ഉയർത്തി വിജയച്ചെങ്കൊടി പാറിക്കാൻ എം.ടി നിക്സൺ. എൻ.ഡി.എയ്ക്കായി ഇരുവരെയും മലർത്തിയടിക്കാൻ എ.ബി. ജയപ്രകാശ്. കൈത്തറിയുടെ തട്ടകമായ പറവൂർ ഇപ്പോൾ തിരഞ്ഞെടുപ്പ് യുദ്ധഭൂമിയാണ്. വിജയം മാത്രം ലക്ഷ്യമിട്ട് യോദ്ധക്കൾ മൂവരും പടപ്പുറപ്പാടിലും. ജനകീയനായ നേതാവെന്ന പരിവേഷവും മണ്ഡലത്തിൽ നടപ്പാക്കിയ വികസങ്ങളുമാണ് യു.ഡി.എഫിന്റെ ആയുധശേഖരത്തിലെ മുതൽക്കൂട്ട്. സർക്കാരിന്റെ വികസന നേട്ടങ്ങളാണ് എൽ.ഡി.എഫിന്റെ വജ്രായുധം. കേന്ദ്ര സർക്കാരിന്റെ ഭരണമികവിലും ശബരിമല വിഷയത്തിലൂന്നിയുമാണ് എൻ.ഡി.എ അങ്കം മുറുക്കുന്നത്.അങ്കത്തട്ടിലേക്ക് എൽ.ഡി.എഫ്. എൻ.ഡി.എ സ്ഥാനാർത്ഥികൾ കൂടി എത്തിയതോടെയാണ് കളം ഉണർന്നത്.
അങ്കം കുറിച്ചു
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ മണ്ഡലത്തിൽ യു.ഡി.എഫ് പ്രചാരണത്തിന് തുടക്കമിട്ടിരുന്നു. ഒരുപടി മുന്നിലാണ് സതീശന്റെ ക്യാമ്പ്. ഇടതിന് വേരോട്ടമുള്ള മണ്ഡലം തിരിച്ചുപിടിക്കുകയാണ് എൽ.ഡി.എഫിന്റെ ലക്ഷ്യം. ലോക്‌സഭയിലും നിയമസഭയിലും യു.ഡി.എഫിനെ പിന്തുണച്ച പറവൂർ തദ്ദേശതിരഞ്ഞെടുപ്പിൽ ഇടത്തോട്ട് ചാഞ്ഞു. ഈ ചായ്‌വിലാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷകൾ. 68,362 വോട്ടാണ് തദ്ദേശതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ലഭിച്ചത്. യു.ഡി.എഫിന് 64,049 വോട്ടും എൻ.ഡി.എയ്ക്ക് 24.042 വോട്ടും ലഭിച്ചു. ഭൂരിപക്ഷം 4313.
ഇതൊന്നും നിയമസഭ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ്. 2016ൽ 20,634 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച വി.ഡി. സതീശൻ ഇക്കുറി ലീഡ് ഉയർത്തുമെന്ന പ്രതീക്ഷയുമുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 14,058 വോട്ടിന്റെ ലീഡാണ് ഹൈബി ഈഡന് പറവൂർ നൽകിയത്. 2016 ൽ ഹരിവിജയനിലൂടെ 28,097വോട്ട് സ്വന്തമാക്കിയ എൻ.ഡി.എയ്ക്ക് 2019 കാലിടറി. ലോക്‌സഭ തിരഞ്ഞെടുപ്പിൽ അൽഫോൺസ് കണ്ണന്താനത്തിന് മണ്ഡലത്തിൽ നിന്ന് 14,940 വോട്ട് മാത്രമാണ് ലഭിച്ചത്. തദ്ദേശതിരഞ്ഞെടുപ്പിൽ ക്ഷീണം മാറ്റിയെങ്കിലും വോട്ട് കുറഞ്ഞു. അട്ടിമറിയിൽ കണ്ണുവച്ചാണ് എൻ.ഡി.എയുടെ പ്രചാരണം.
ഒന്നാം ഘട്ടത്തിൽ
വടക്കൻ പറവൂർ മുനിസിപ്പാലിറ്റിയും ചേന്ദമംഗലം, ചിറ്റാറ്റുകര, ഏഴിക്കര, കോട്ടുവള്ളി, പുത്തൻവേലിക്കര, വരാപ്പുഴ, വടക്കേക്കര ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് പറവൂർ നിയമസഭാമണ്ഡലം. മുനിസിപ്പാലിറ്റിയിൽ 80.61 ശതമാനമായിരുന്നു പോളിംഗ്. പറവൂർ മുനിസിപ്പാലിറ്റി, വരാപ്പുഴ, ഏഴിക്കര ഗ്രാമപഞ്ചായത്തുകൾ എന്നിവ യു.ഡി.എഫും മറ്റ് പഞ്ചായത്തുകൾ എൽ.ഡി.എഫുമാണ് ഭരിക്കുന്നത്. മുനിസിപ്പാലിറ്റിയിലെ 29 ഡിവിഷനുകളിൽ യു.ഡി.എഫ് (15), എൽ.ഡി.എഫ് (10), എൻ.ഡി.എ (നാല്) എന്നിങ്ങനെയാണ് കക്ഷിനില. മണ്ഡലം പിടിക്കാൻ മൂന്ന് മുന്നണി സ്ഥാനാർത്ഥികളും ഒന്നാംഘട്ട പ്രചാരണത്തിലാണിപ്പോൾ. നാട്ടുകാരെ നേരിൽക്കണ്ടും കൺവെൻഷനുകളിൽ പങ്കെടുത്തുമാണ് വോട്ട് അഭ്യർത്ഥന. രാത്രികളിലെ കുടുംബയോഗങ്ങളും വിടാതെയാണ് തിരഞ്ഞെടുപ്പ് ഓട്ടം.