
വ്യാപാരികളുടെ ആവശ്യങ്ങൾ ഇരു മുന്നണികളുടെയും ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. മെഡിക്ളെയിം ഇൻഷ്വറൻസ് സുരക്ഷ പദ്ധതിയാണ് പ്രധാന ആവശ്യം. വ്യാപാരികളോട് ഇത്തിരി കരുണ കാട്ടണം.
കച്ചവടസമൂഹത്തിനും ക്ഷേമനിധിയുണ്ട്. അംഗങ്ങൾ വളരെ കുറവാണ്. അഞ്ഞൂറ് അല്ലെങ്കിൽ ആയിരം രൂപയ്ക്ക് വേണ്ടി ക്ഷേമനിധിയിൽ എന്തിന് ചേരണമെന്നായിരുന്നു പൊതുമനോഭാവം. കൊവിഡ് മഹാമാരി ഞങ്ങളുടെ കണ്ണുതുറപ്പിച്ചു. ആയിരങ്ങൾ തൊഴിൽരഹിതരായി. ഇപ്പോഴാണ് ക്ഷേമനിധിയുടെ മൂല്യം തിരിച്ചറിഞ്ഞത്.
ക്ഷേമനിധിക്ക് പകരം കച്ചവടക്കാർക്കായി മെഡി ക്ളെയിം പോളിസി നടപ്പാക്കാൻ സർക്കാർ തയ്യാറാകണം. രജിസ്‌ട്രേഷൻ എടുത്തിട്ടുള്ള വ്യാപാരികൾക്കെങ്കിലും ആരോഗ്യ സുരക്ഷ നൽകണമെന്നാണ് ആവശ്യം. പ്രീമിയം അടയ്ക്കാൻ തയ്യാറാണ്.
കേന്ദ്രസർക്കാരിന്റെ പദ്ധതികളുണ്ടെങ്കിലും ഗ്രാമീണ മേഖലയിലുള്ളവർക്ക് മാത്രമാണ് ഗുണം ലഭിക്കുന്നത്.
ആരോഗ്യസുരക്ഷ കഴിഞ്ഞാൽ ജി.എസ്.ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് വ്യാപാരികളെ ബാധിക്കുന്ന മറ്റൊന്ന്. ജി.എസ്.ടി കമ്മിഷണറാണ് അക്കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത്. അത് കേന്ദ്ര സർക്കാരിന്റെ പരിധിയിൽ വരുന്ന കാര്യമായതിനാൽ സംസ്ഥാന സർക്കാരിന് യാതൊന്നും ചെയ്യാൻ കഴിയില്ല.