കൊച്ചി: കുതിരാനിൽ അപകടങ്ങൾ പെരുകാൻ കാരണം നിർമ്മാണ പ്രവർത്തനങ്ങളല്ല, ഡ്രൈവർമാർ അശ്രദ്ധയോടെ വാഹനം ഒാടിക്കുന്നതുകൊണ്ടാണെന്ന് ദേശീയപാത അതോറിട്ടി ഹൈക്കോടതിയിൽ വ്യക്തമാക്കി. രാത്രികാലങ്ങളിൽ മദ്യപിച്ച് വാഹനമോടിക്കുന്നതുമൂലമുണ്ടാകുന്ന അപകടങ്ങൾ ഇവിടെ വർദ്ധിച്ചിട്ടുണ്ട്. കുതിരാനിലെ ഇരട്ടടണൽ നിർമ്മാണത്തിന് ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്നാവശ്യപ്പെട്ട് ചീഫ് വിപ്പ് കെ. രാജൻ, തൃശൂർ സ്വദേശി ഷാജി ജെ. കോടങ്കണ്ടത്ത് എന്നിവർ നൽകിയ ഹർജികളിലാണ് ദേശീയപാത അതോറിട്ടി ഇക്കാര്യം പറഞ്ഞത്. ഇരട്ടടണൽ നിർമ്മാണം തുടങ്ങിയശേഷം അപകടങ്ങൾ പെരുകിയെന്നും കഴിഞ്ഞ 11 വർഷത്തിനിടെ അപകടങ്ങളിൽ 119 പേർ മരിച്ചെന്നും ചീഫ് വിപ്പിന്റെ അഭിഭാഷകൻ ബോധിപ്പിച്ചു.

അപകടങ്ങൾ നിയന്ത്രിക്കാൻ കർശനപരിശോധന നടത്തുകയാണ് വേണ്ടത്. ദേശീയപാത അതോറിട്ടിക്ക് ഇതിലൊന്നും ചെയ്യാൻ കഴിയില്ലെന്നും അഭിഭാഷകൻ പറഞ്ഞു.

 ഒരു ടണൽ മാർച്ച് 31ന്

ഒരു ടണലിന്റെ നിർമ്മാണം ഏറക്കുറെ പൂർത്തിയായെന്നും മാർച്ച് 31ന് ദേശീയപാത അതോറിട്ടിക്ക് കൈമാറാനാവുമെന്നും നിർമ്മാണകമ്പനിയായ തൃശൂർ എക്‌സ്‌പ്രസ് വേ വിശദീകരിച്ചു. ഇത് സ്ഥിരീകരിച്ച ദേശീയപാത അതോറിട്ടി ചില പരിശോധനകൾ നടത്തിയ ശേഷമേ ടണൽ തുറന്നുകൊടുക്കാൻ കഴിയൂവെന്നും വ്യക്തമാക്കി. ഇതിന്റെ റിപ്പോർട്ടിനായി സിംഗിൾബെഞ്ച് ഹർജികൾ ഏപ്രിൽ എട്ടിലേക്ക് മാറ്റി.

(2009 - 2020)

 അപകടങ്ങൾ: 652

 മരിച്ചവർ: 119

 പരിക്കേറ്റവർ: 752