
കൊച്ചി: എങ്ങനെയുണ്ട് തിരഞ്ഞെടുപ്പ് ചൂട് ? എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ദീർഘദൂര സർവീസ് ബസുകളിലെ ഡ്രൈവർമാരോടായിരുന്നു ചോദ്യം. മറുപടി എക്‌സ്‌പ്രസ് വേഗത്തിലെത്തി. ഹോ അതിപ്പോ ആര് വന്നാലും കെ.എസ്.ആർ.ടി.സിയെ നന്നാക്കാനൊന്നും പോകുന്നില്ലല്ലോ ? കെ.എസ്.ആർ.ടി.സിക്ക് 1000 ബസാണ് ഈ സർക്കാർ വാഗ്ദാനം ചെയ്തത്. കിട്ടിയത് 108 എണ്ണം. നല്ലൊരു തുക മാസവും കോർപ്പറേഷൻ സർക്കാരിന് നൽകുന്നുണ്ട്. എന്നിട്ടും ശമ്പളം വൈകുന്നു. ഏഴാം തീയതിയാണ് മാർച്ചിൽ ശമ്പളം കിട്ടിയത്. ആകെ ദുരിതത്തിലാണ്. ജീവിക്കാൻ പെടാപ്പാട് പെടുകയാണ്. അതിനൊപ്പം ഇന്ധന വിലക്കയറ്റവും.
മോഹനവാഗ്ദാനങ്ങൾ നൽകി അധികാരത്തിൽ വരുന്നവർ അതെല്ലാം വിഴുങ്ങും. എത്ര എം.പാനൽ ജീവനക്കാരുടെ ജോലിയാണ് പോയത്. അവർക്കായാണ് കെ-സ്വിഫ്റ്റ് നടപ്പിലാക്കിയതെന്ന് പറയുന്നത്. ഇത് സ്വകാര്യവത്കരണത്തിന്റെ ആദ്യപടിയല്ലേ. അതുകൊണ്ട് കെ.എസ്.ആർ.ടി.സി ജീവനക്കാരിലെ ഭൂരിപക്ഷവും ഈ സർക്കാരിന് വോട്ട് ചെയ്യുമെന്ന് തോന്നുന്നില്ല. ഡ്രൈവർ സബിൻ പറഞ്ഞു. കെ.എസ്.ആർ.ടി.സി നഷ്ടത്തിലാണെന്നാണ് പറയുന്നത്. കോർപ്പറേഷൻ ഒരിക്കലും നഷ്ടത്തിലല്ല. രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ മുന്നോട്ടുപോകുന്ന പൊതുഗതാഗത സംവിധാനം കെ.എസ്.ആർ.ടി.സിയാണ്. കടമെടുത്താണ് ഈ ഗതിയായത്.
20 വർഷം സർവീസുള്ള ഡ്രൈവറേക്കാളും കൂടുതലാണ് ഇപ്പോൾ ജോലിക്ക് കയറുന്ന ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് ലഭിക്കുന്ന ശമ്പളം. ബുദ്ധിമുട്ടേറിയ ജോലിയായിട്ടും ഇങ്ങനെയാണ് സർക്കാർ കെ.എസ്.ആർ.ടി.സി ജീവനക്കാരെ പരിഗണിക്കുന്നത്. കെ.എസ്.ആർ.ടി.സിക്ക് നല്ലത് ചെയ്യുന്നവർക്കൊപ്പമാണ് ജീവനക്കാർ നിൽക്കുക. എന്റെ അഭിപ്രായത്തിൽ ഈ സർക്കാർ ഇക്കാര്യത്തിൽ പിന്നിലാണ്. ജീവനക്കാരുടെ വോട്ട് കിട്ടുമെന്ന് തോന്നുന്നില്ല. സൂപ്പർ ഫാസ്റ്റ് ബസിന്റെ ഡ്രൈവർ പ്രമോദ് പറഞ്ഞു.