കൊച്ചി: കൊതുകുനിവാരണ പ്രവർത്തനങ്ങൾക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ തുടക്കം കുറിക്കുമെന്ന് മേയർ അഡ്വ.എം. അനിൽകുമാർ അറിയിച്ചു. ആവശ്യത്തിന് ഉപകരണങ്ങൾ ഇല്ലാത്തതുകൊണ്ടാണ് പ്രവർത്തനങ്ങൾ വൈകിയത്. എല്ലാ വീടുകളിലെയും സെപ്റ്റിക് ടാങ്ക് പൈപ്പുകളിൽ കൊതുകുവല സ്ഥാപിക്കും. 33, 35 ഡിവിഷനുകളിലെ ഹീൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മേയർ. ഇടപ്പള്ളി ബി.ടി.എസ് റോഡ് അക്ഷരലെയിനിലെ സൗന്ദര്യവത്കരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു. ബി.ടി.എസ് റോഡ് റെസിഡൻസ് അസോസിയേഷന്റെ (നോർത്ത് വെസ്റ്റ് ) നേതൃത്വത്തിൽ ചങ്ങാടംപോക്ക് തോടിന്റെ തീരത്ത് നിരീക്ഷണകാമറകൾ സ്ഥാപിച്ചതോടെ കനാലിനെ മലിനീകരണത്തിൽനിന്ന് രക്ഷിക്കാൻ കഴിയുമെന്ന് മേയർ പ്രതീക്ഷ പ്രകടിപ്പിച്ചു. അക്ഷരലെയിനിൽ നടന്ന ചടങ്ങിൽ കൗൺസിലർ സജിനി ജയചന്ദ്രൻ മുഖ്യാതിഥിയായി. പ്രസിഡന്റ് എം.ജെ. വർഗീസ് അദ്ധ്യക്ഷനായി. ബി.ടി.എസ് ആർ.ആർ.എ (എൻ.ഡബ്ളു) സെക്രട്ടറി സി.സി. ഗംഗാധരൻ, കെ.ജെ. ക്ളീറ്റസ് എന്നിവർ സംസാരിച്ചു.