
കോലഞ്ചേരി: ചൂടിനൊപ്പം കുതിച്ചുയർന്ന് ചെറുനാരങ്ങ വില വലുതായി. ഒരാഴ്ച കൊണ്ട് വില ഇരട്ടി കൂടി. കഴിഞ്ഞയാഴ്ച കിലോ 60 രൂപ ചില്ലറ വിലയ്ക്ക് വിറ്റ നാരങ്ങ ഇന്നലെ 120 ലെത്തി.
ചൂടുകാലത്ത് വില കൂടുന്ന പതിവുണ്ടെങ്കിലും ഇരട്ടി വിലമാറ്റം വരാറില്ല. ആവശ്യക്കാർ വർദ്ധിക്കുകയും ഉത്പാദനം കുറഞ്ഞതുമാണ് പ്രശ്നമായത്. തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് ചെറുനാരങ്ങ പ്രധാനമായും വരുന്നത്.
നാരങ്ങ വില കൂടുമ്പോൾ നാരങ്ങവെള്ളത്തിനും വില ഉയരും. ചെറുനാരങ്ങ ഒരെണ്ണം കടയിൽനിന്ന് വാങ്ങുമ്പോൾ കുറഞ്ഞത് 10 രൂപയെങ്കിലും കൊടുക്കണം. 12 രൂപ മുതലാണ് നാരങ്ങവെള്ളത്തിന്റെ വില. വേനലിൽ ക്ഷീണമകറ്റാൻ ഡോക്ടർമാർ വരെ നാരങ്ങവെള്ളം നിർദ്ദേശിക്കുമ്പോഴാണ് വില പോക്കറ്റിലൊതുങ്ങാത്ത വിധം ഉയരുന്നത്.