maram
ഞാറള്ളൂർ മില്ലുംപടിയിൽ നില്ക്കുന്ന മരം

കിഴക്കമ്പലം: എന്ന് വീഴുമെന്നറിയില്ല, കിഴക്കമ്പലം -മൂവാറ്റുപുഴ റോഡിൽ തലയ്ക്കു മീതെ ഭീഷണിയായി നിലം പൊത്താവുന്ന മരങ്ങൾ. ചിതലെടുത്തും ഉണങ്ങിയും മരങ്ങൾ നിൽക്കുന്നത് വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും അപകടം വരുത്തിവെക്കാൻ ഇടയാക്കുന്നു. ഞാറള്ളൂർ മില്ലുംപടിയിലും, പട്ടിമ​റ്റം പൊലീസ് സ്​റ്റേഷനു സമീപവുമാണ് മരങ്ങൾ ഭീഷണിയായി നിൽക്കുന്നത്. പട്ടിമ​റ്റത്തു നിൽക്കുന്ന മരത്തിന്റെ വേരുകൾ ചിതലെടുത്ത നിലയിലാണ്. മരത്തിനു സമീപം മാലിന്യങ്ങൾ കത്തിച്ചതിനെ തുടർന്ന് അടി ഭാഗം ഉണങ്ങിയിട്ടുമുണ്ട്. റോഡിനോട് ചേർന്നാണ് മരം നിൽക്കുന്നത്. രാപകലില്ലാതെ വാഹനങ്ങൾ ചീറിപായുന്ന വഴിയാണിത്. മരം മറിഞ്ഞാൽ ഭാഗ്യം മാത്രമാണ് മുന്നിലുള്ളത്. നിരവധി പരാതികൾ നൽകി പൊതുമരാമത്ത് വകുപ്പിൽ നേരിട്ടറിയിച്ചെങ്കിലും നടപടിയായില്ലെന്ന് നാട്ടുകാർ പറയുന്നു. ഞാറള്ളൂർ മില്ലും പടി ജംഗ്ഷനിൽ മൂന്നു മരങ്ങൾ ഉണങ്ങിയ നിലയിലാണ്. ഒരു മരം കേടു പിടിച്ച് മുകൾ ഭാഗം ഒടിഞ്ഞു വീണു. മ​റ്റു രണ്ടു മരങ്ങളുടെ ശിഖരങ്ങളിൽ ഉണക്കു ബാധിച്ച് ഏതു സമയവും ഒടിയാവുന്ന നിലയിലാണ്. മൂന്നു മരങ്ങളും റോഡിനോട് ചേർന്നാണ് നിൽക്കുന്നത്. മലയോര മേഖലയിലേയ്ക്ക് എത്തുന്ന തേക്കടി സംസ്ഥാന പാതയാണിത്. കിഴക്കമ്പലം നെല്ലാട് റോഡ് നവീകരണത്തിന്റെ ഭാഗമായി ബി.എം,ബി.സി ടാറിംഗ് പൂർത്തിയാക്കേണ്ട റോഡിലാണ് ഏതു സമയത്തും നിലം പൊത്താറായ മരങ്ങൾ നിൽക്കുന്നത്. ചുവപ്പ് നാടകളിൽ കുരുങ്ങി അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിക്കാൻ കാലതാമസം വരുന്നതോടെ ഒരപകടത്തിന് കാതോർക്കുകയാണ് നാട്ടുകാർ.

ടെണ്ടർ സമർപ്പിക്കാൻ ആളില്ല

മരം വെട്ടി മാറ്റുന്നതിന് ടെണ്ടർ ക്ഷണിച്ചിരുന്നു എന്നാൽ വനം വകുപ്പ് മരങ്ങൾക്ക് കണക്കാക്കിയ അടിസ്ഥാന വില കൂടുതലായതിനാൽ കച്ചവടക്കാർ ടെണ്ടർ സമർപ്പിച്ചില്ല. രണ്ടു പ്രാവശ്യം പൊതു മരാമത്ത് വകുപ്പ് ടെണ്ടർ നടപടികൾക്ക് തുനിഞ്ഞെങ്കിലും എടുക്കാനാളില്ലാത്തതിനാൽ മാ​റ്റി വച്ചു. അടുത്ത നടപടിയുടെ ഭാഗമായി വില പുനർ നിർണയം ചെയ്യണം. അതിനെടുക്കുന്ന കാലതാമസം കഴിഞ്ഞു വേണം വീണ്ടും ടെൻഡറിലേയ്ക്ക് കടക്കുന്നത്.