ldf-paravur
പറവൂർ മാർക്കറ്റിലെത്തിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.ടി. നിക്സനെ വ്യാപാരിയായ ഡെയ്സൺ ഏത്തക്കുല നൽകി സ്വീകരിക്കുന്നു.

പറവൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.ടി. നിക്സൺ ഇന്നലെ രാവിലെ പറവൂർ മാർക്കറ്റിൽ നിന്ന് പ്രചരണം തുടങ്ങി. കച്ചവടക്കാരോടും സാധനങ്ങൾ വാങ്ങാനെത്തിയവരോടും വോട്ട് അഭ്യർത്ഥിച്ചു. പച്ചക്കറി വ്യാപാരിയായ ഡെയ്സൺ ഏത്തക്കുല നൽകി സ്വീകരിച്ചു. മാർക്കറ്റിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലുമെത്തി വോട്ടഭ്യർത്ഥിച്ച ശേഷം കോട്ടക്കാവ് പള്ളിയിലെത്തി. പരിശുദ്ധ ബാവയുടെ കബറിങ്കലുള്ള സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിലെത്തിയ സ്ഥാനാർത്ഥിയെ സഭ ഭാരവാഹികൾ സ്വീകരിച്ചു. മെത്രാപ്പൊലീത്ത എബ്രഹാം മാർ സേവേറിയോസിനെ കണ്ട് അനുഗ്രഹം വാങ്ങി. പെരുമ്പടന്ന ഡോൺ ബോസ്കോ പള്ളിയിലും ഉത്സവം നടക്കുന്ന അണ്ടിശേരി ഭഗവതി ക്ഷേത്രത്തിലുമെത്തി അഭ്യർത്ഥന നടത്തി. പെരുമ്പടന്ന എസ്.എൻ.ഡി.പി ശാഖാ ഓഫീസും സന്ദർശിച്ചു. പിന്നീട് വരാപ്പുഴ അതിരൂപതാ ബിഷപ്പ് ഹൗസിലെത്തി ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിനെക്കണ്ട് അനുഗ്രഹം വാങ്ങി. എൽ.ഡി.എഫ് നേതാക്കളായ കെ.എം. ദിനകരൻ, എൻ.എസ്. അനിൽകുമാർ, സി.പി. ജയൻ, ടോബി മാമ്പിള്ളി, എം.കെ. ബാനർജി, പറവൂർ ആന്റണി തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.