കൊച്ചി: പതിനേഴുകാരന് മദ്യം നൽകിയ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി. എറണാകുളം മുളവുകാട് സ്വദേശിക്കായി അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മാതാവിന്റെ പരാതിയിൽ മുളവുകാട് പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷന് കൈമാറി.
രാഷ്ട്രീയ നേതാവിന്റെ ഡ്രൈവറായ പ്രതി ഒളിവിലാണ്. 14 നാണ് കേസിനാസ്പദമായ സംഭവം. പീഡനത്തിന് ഇരയായ കുട്ടിയുടെ അച്ഛനും അമ്മയും അകന്നുകഴിയുകയാണ്. സംഭവദിവസം അച്ഛന്റെ വീട്ടിലായിരുന്നു കുട്ടി. അച്ഛന്റെ സുഹൃത്ത് കൂടിയായ പ്രതി തിരഞ്ഞെടുപ്പ് പരിപാടികൾക്കുള്ള സഹായത്തിനായി കുട്ടിയെ ഒപ്പം കൂട്ടുകയായിരുന്നു. രാത്രിയോടെ തിരിച്ച് എറണാകുളം നോർത്തിലെ ബാറിലെത്തി മദ്യപിച്ചു. കുട്ടിക്കും മദ്യം നൽകി. പിന്നീട് സമീപത്തെ ലോഡ്‌ജിൽ മുറിയെടുത്താണ് പീഡിപ്പിച്ചത്.