കൊച്ചി: സംസ്ഥാന സർക്കാരിന്റെ നവകേരളീയം കുടിശിക നിവാരണം 2021 ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായി കേരള ബാങ്കിന്റെ എറണാകുളം ക്രെഡിറ്റ് പ്രൊസസിംഗ് സെന്ററിന് കീഴിൽ വരുന്ന ജില്ലയിലെ 62 ശാഖകളെ ഉൾപ്പെടുത്തി മെഗാ അദാലത്ത് നടത്തും. 19, 20 തീയതികളിൽ കാക്കനാട് കേരള ബാങ്ക് ഓഡിറ്റോറിയത്തിലാണ് അദാലത്ത്. കേരള ബാങ്കിൽ (മുൻ എറണാകുളം ജില്ലാ സഹകരണ ബാങ്ക്) നിന്ന് വായ്പയെടുത്ത് കുടിശികയായവർക്ക് അദാലത്തിലൂടെ അർഹമായ ഇളവുകളോടെ വായ്പ അവസാനിപ്പിക്കാനും കുടിശിക തീർക്കുന്നതിനും അവസരമുണ്ട്. വായ്പയെടുത്ത വ്യക്തിയോ കുടുംബാംഗങ്ങളോ മരണമടഞ്ഞതും മാരകരോഗങ്ങൾ മൂലം പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കും വായ്പകളിന്മേൽ അർഹമായ പലിശ ഇളവുകൾ ലഭ്യമാകും. മത്സ്യത്തൊഴിലാളികളുടെയും പട്ടികജാതി, പട്ടികവർഗ വിഭാഗക്കാരുടേയും വായ്പകൾക്ക് സർക്കാർ നിബന്ധനകൾ പ്രകാരമുള്ള പ്രത്യേക ഇളവുകൾ നൽകും. കൂടുതൽ വിവരങ്ങൾക്ക് കേരള ബാങ്കിന്റെ തൊട്ടടുത്ത ശാഖയിലോ 8281099158 എന്ന നമ്പറിലോ ബന്ധപ്പെടണം.