money

തൃക്കാക്കര: ഒരു കോടിയോളം രൂപയുടെ ക്രമക്കേടെന്നു കരുതി അന്വേഷണം തുടങ്ങിയ എറണാകുളം ജില്ലയിലെ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിൽ സർക്കാരിന് യഥാർത്ഥത്തിൽ നഷ്ടമായത് 14.84 കോടി രൂപ. ജോയിന്റ് ലാൻഡ് റവന്യൂ കമ്മിഷണർ എ. കൗശിക്കിന്റെ അന്വേഷണ റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ. വിവിധ വകുപ്പുകൾക്ക് ഗുരുതര വീഴ്ച സംഭവിച്ചു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പട്ടികയും റിപ്പോർട്ടിലുണ്ട്.

ഒരുകോടിയോളം രൂപയുടെ ക്രമക്കേട് മാത്രമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നത്. റവന്യൂ മന്ത്രിയുടെ നിർദേശപ്രകാരമായിരുന്നു ലാൻഡ് റവന്യൂ കമ്മിഷണറുടെ അന്വേഷണം. ധനകാര്യ വിഭാഗത്തിന്റെ അടിയന്തര അന്വേഷണവും റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.

തട്ടിപ്പുമായി ബന്ധപ്പെട്ട് എറണാകുളം കളക്ടറേറ്റിലെ സെക്ഷൻ ക്ലാർക്ക് വിഷ്ണു പ്രസാദും സി.പി.എം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗങ്ങളും അടക്കം ഏഴ് പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു .

റിപ്പോർട്ടിൽ നിന്ന്

• ധനസഹായം നൽകിയതിൽ തട്ടിപ്പ് നടന്ന 2724 അക്കൗണ്ടുകളിലേക്ക് രണ്ട് പ്രാവശ്യവും 41 അക്കൗണ്ടുകളിലേക്ക് മൂന്നുപ്രാവശ്യവും 13 അക്കൗണ്ടുകളിലേക്ക് നാല് പ്രാവശ്യവും തുക നൽകി.

• ട്രഷറിയിലെയും കളക്ടറേറ്റിലെയും നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററുകളിലെയും രേഖകൾ പരിശോധിച്ചപ്പോഴാണ് 14.84 കോടിയുടെ നഷ്ടം കണ്ടെത്തിയത്.

• സോഫ്റ്റ്‌വെയറി​ലെ പി​ഴവ് കണ്ടെത്താൻ നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററുകളിലെ ജീവനക്കാർക്ക് സാധി​ക്കാതെ പോയത് ഗുരുതരമായ വീഴ്ച.

• ട്രഷറിയിൽ നിന്ന് കിട്ടിയ അക്കൗണ്ട് നമ്പറും തുക നൽകിയ അക്കൗണ്ട് നമ്പറുകളും വ്യത്യസ്തമാണ്.

• ധനസഹായ വിതരണത്തിനുള്ള ലിസ്റ്റിലും ക്രമക്കേട് നടന്നു.