മലപ്പുറം കുറ്റിപ്പാല സ്വദേശി പി. സൈനുദ്ദീന് വൈദ്യുതി കണക്ഷൻ നൽകാനുള്ള ഒാംബുഡ്‌സ്‌മാന്റെ ഉത്തരവു പാലിക്കാത്തതിന്റെ പേരിൽ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ പിഴ ശിക്ഷ വിധിച്ചതിനെതിരെ അസി. എക്സി. എൻജിനീയർ കെ.എൻ. രവീന്ദ്രനാഥൻ, അസി. എൻജിനീയർ കെ. കീരൻ എന്നിവർ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ച് വിധി.
തന്റെ 300 ചതുരശ്രയടി വിസ്തീർണമുള്ള വീട്ടിലേക്ക് വൈദ്യുതി കണക്ഷന് 2013 മേയിലാണ് സൈനുദ്ദീൻ അപേക്ഷിച്ചത്. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി നിരസിച്ചു. ഒാംബുഡ്‌സ്‌മാനു നൽകിയ പരാതിയിൽ അസി. എക്സി. എൻജിനീയറും അസി. എൻജിനീയറും സ്ഥലം സന്ദർശിച്ച് സ്കെച്ചു തയ്യാറാക്കാനും നടപടി പൂർത്തിയാക്കി 21 ദിവസത്തിനകം കണക്ഷൻ നൽകാനും ഉത്തരവിട്ടു. ഇതുപാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി രവീന്ദ്രനാഥൻ 50,000 രൂപയും, കീരൻ 25,000 രൂപയും പിഴയടയ്ക്കാൻ കമ്മിഷൻ ഉത്തരവിട്ടു. ഇതിനെതിരെയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.
തന്റെ ചെറുവീട്ടിൽ വിളക്കു തെളിക്കാനായി സൈനുദ്ദീന് തെക്കുവടക്കു നടക്കേണ്ടി വന്നെന്ന് ചൂണ്ടിക്കാട്ടിയ സിംഗിൾ ബെഞ്ച്, കമ്മിഷന്റെ നടപടിയിൽ ഇടപെടാൻ കാരണമില്ലെന്നു വ്യക്തമാക്കി ഹർജി തള്ളി.