
കൊച്ചി: ഭീകര സംഘടനയായ ഐസിസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത് ആക്രമണത്തിനു പദ്ധതിയിട്ട കേസിൽ കേരളത്തിൽ നിന്ന് അറസ്റ്റിലായ രണ്ടു പ്രതികളെ അഞ്ച് ദിവസത്തിനകം ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കാനുള്ള ട്രാൻസിറ്റ് വാറന്റ് എൻ.ഐ.എ സംഘം വാങ്ങി. ഇതിനായി ഇന്നലെ എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതിയിലാണ് പ്രതികളെ ഹാജരാക്കിയത്.
ഇവരെ കൊച്ചിയിൽ നിന്ന് വിമാനമാർഗം ഡൽഹിയിലെത്തിക്കും. കൊല്ലം ഒാച്ചിറ മേമന സ്വദേശി ഡോ.റഹീസ് റഷീദ് (30), കണ്ണൂർ താണയിൽ സ്വദേശി മുഷാബ് അനുവർ (19) എന്നിവരെയാണ് ദേശീയ അന്വേഷണ ഏജൻസി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
ഐസിസ് ബന്ധമുള്ള മലയാളിയായ അബുയഹ്യ എന്നറിയപ്പെടുന്ന മുഹമ്മദ് അമീനെ ഡൽഹിയിൽ നിന്ന് എൻ.ഐ.എ നേരത്തെ പിടികൂടിയിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ ബഹ്റിനിൽ നിന്ന് മടങ്ങിയെത്തിയ അബുയഹ്യ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡെന്റൽഡോക്ടറായ റഹീസിനെയും മുഷാബിനെയും അറസ്റ്റ് ചെയ്തത്.
ഇവർക്ക് പുറമേ കേരളത്തിലെ ഐസിസ് യൂണിറ്റിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഏഴുപേരെക്കൂടി ദേശീയ അന്വേഷണ ഏജൻസി തിരിച്ചറിഞ്ഞെന്ന് സൂചനയുണ്ട്. എൻ.ഐ.എ സൂപ്രണ്ട് ഉമബെഹ്റയുടെ നേതൃത്വത്തിലാണ് കേരളത്തിലെ അന്വേഷണം ഏകോപിപ്പിച്ചത്.
സമൂഹമാദ്ധ്യമങ്ങളിലെ രഹസ്യ കൂട്ടായ്മകൾ വഴി യുവാക്കളുമായി സംവദിച്ച് ഐസിസ് ആശയങ്ങളിലേക്ക് ആകർഷിക്കുന്ന രീതിയാണ് യഹ്യയും കൂട്ടരും സ്വീകരിച്ചിരുന്നത്. കേരളത്തിലും കർണാടകയിലുമായി ചിലരെ വധിക്കാനും ഇവർ പദ്ധതിയിട്ടതായി എൻ.ഐ.എ കണ്ടെത്തിയിരുന്നു.
കേരളത്തിൽ എട്ടിടങ്ങളിലും ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിലും റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. കൊല്ലം, മലപ്പുറം, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ കേരള പൊലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ സഹായത്തോടെയാണ് റെയ്ഡ് നടത്തിയത്.
ജമ്മു കാശ്‌മീരിലെ ഐസിസ് ഗ്രൂപ്പുകളുമായി ചേർന്നാണ് യഹ്യ പ്രവർത്തനങ്ങൾ നടത്തിയിരുന്നതെന്നും ഇയാൾ പലതവണ കാശ്‌മീർ സന്ദർശിച്ചതിന് തെളിവു ലഭിച്ചെന്നും എൻ.ഐ.എ വ്യക്തമാക്കിയിരുന്നു.