കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് മെൻസ് ഹോസ്റ്റലിൽ ഒന്നാംവർഷ വിദ്യാർത്ഥി ക്രൂരമ‌ർദ്ദനത്തിനും റാഗിംഗിനും ഇരയായ സംഭവത്തിൽ കോളേജ് ആന്റി റാഗിംഗ് സെൽ നടപടി ആരംഭിച്ചു. പരിക്കേറ്റ് എറണാകുളം ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മലപ്പുറം സ്വദേശി റോബിൻസിൽനിന്ന് വിവരങ്ങൾ രേഖപ്പെടുത്തി. അഞ്ചരയോടെ ആരംഭിച്ച വിവരശേഖരണം അരമണിക്കൂറോളം നീണ്ടു. കോളേജിൽ യോഗം ചേ‌‌ർന്ന ശേഷമാണ് സെൽ അംഗങ്ങൾ റോബിൻസിനെ സന്ദർശിച്ചത്. റിപ്പോർട്ട് രണ്ട് ദിവസത്തിനകം പ്രിൻസിപ്പലിന് കൈമാറിയേക്കും.

പ്രവർത്തനഫണ്ട് പിരിക്കാൻ വിസമ്മതിച്ചതിനാണ് എസ്.എഫ്.ഐ പ്രവർത്തകർ വിദ്യാർത്ഥിയെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചത്. അതേസമയം ആന്റി റാഗിംഗ് സെല്ലിന്റെ റിപ്പോ‌ർട്ട് തേടി എറണാകുളം സെൻട്രൽ പൊലീസ് കോളേജിനെ സമീപിച്ചു. പ്രിൻസിപ്പൽ പൊലീസിന് കൈമാറിയ വിദ്യാർത്ഥിയുടെ പരാതിയിൽ റാഗിംഗ് സംബന്ധമായ പരാമർശമുണ്ട്. കേസിൽ ഏഴുപേർ ഒളിവിലാണ്. ഇവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.