കളമശേരി: ഇടതുമുന്നണിയുടെ ഭരണം നാടിനെ കുട്ടിച്ചോറാക്കിയതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കളമശേരി ചാക്കോളാസ് ഗ്രൗണ്ടിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വി.ഇ. അബ്ദുൽ ഗഫൂറിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആകെ പറയുന്നത് കിറ്റ് കൊടുക്കുമെന്നാണ്. പിണറായി വിജയന്റെ പോക്കറ്റിൽ നിന്നെടുത്ത് തരുന്നതല്ല ഇത്. ജനങ്ങളുടെ നികുതിപ്പണം കൊണ്ടുണ്ടാക്കിയ കിറ്റാണിത്. ജോലി കിട്ടണമെങ്കിൽ പാർട്ടിക്കാരാകണം. പാർട്ടിക്കാരായവരെയും ബന്ധുക്കളെയും സ്ഥിരപ്പെടുത്തന്നു. പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് ഏറെ തട്ടിപ്പ് നടന്നൊരു സ്ഥലം എറണാകുളമാണ്. ഒന്നരകോടി രൂപ സി.പി.എം സർവീസ് സംഘടനകളിൽപെട്ട ആളുകൾ ചേർന്ന് പ്രളയഫണ്ടിൽ നിന്ന് തട്ടിയെടുത്തതെന്ന ആരോപണയുയർന്നിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. ഇ.കെ. സേതു അദ്ധ്യക്ഷത വഹിച്ചു.
യു.ഡി.എഫ് നേതാക്കളായ ഹൈബി ഈഡൻ എം.പി, വി.ഡി. സതീശൻ, ഡൊമനിക് പ്രസന്റേഷൻ, അബ്ദുൽ മുത്തലിബ്, ജമാൽ മണക്കാടൻ എന്നിവർ സംസാരിച്ചു.