നെടുമ്പാശേരി: വിദേശത്തേക്ക് കടത്താൻ ശ്രമിച്ച ഒരു 1.230 കിലോ ഗ്രാം ഹാഷിഷ് ഓയിലുമായി യുവതി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായി. തൃശൂർ വെങ്ങിണിശേരി താഴേക്കാട്ടിൽ വീട്ടിൽ രാമിയ (33)യാണ് നെടുമ്പാശേരി പൊലീസിന്റെ പിടിയിലായത്.
ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ബഹറിനിലേക്ക് പോകാനെത്തിയതാണ് യുവതി. സുരക്ഷാ പരിശോധനയ്ക്കിടെ സംശയം തോന്നിയ സി.ഐ.എസ്.എഫ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. എസ്.എച്ച്.ഒ പി. ശശികുമാർ, എസ്.ഐ സി.പി ബിനോയി, എ.എസ്.ഐ ബിജേഷ്, സി.പി.ഒമാരായ പി.വി. ജോസഫ്, രശ്മി പി. കൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായത്.
കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളപരിസരങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിൽ വിവിധ ആളുകളിൽ നിന്നായി നാല് കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയിരുന്നു.