കൊച്ചി:ജോലി വാഗ്ദാനം ചെയ്ത് 30 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ ആലുവ സ്വദേശിക്ക് എതിരെ പൊലീസ് കേസ് എടുത്തു. എറണാകുളം എളംകുളം സ്വദേശി പി.ടി ഡാനിയലിന്റെ പരാതിയിൽ കോടതി നിർദേശപ്രകാരം കടവന്ത്ര പൊലീസാണ് മുട്ടം സ്വദേശി പി.ബി അഷറഫിനെതിരെ കേസ് എടുത്തത്.
ഒരു സ്വകാര്യ മെഡിക്കൽ സ്ഥാപനത്തിലും വിദേശത്തും ജോലി വാഗ്ദാനം ചെയ്താണ് ഇയാൾ പണം തട്ടിയതെന്നാണ് പരാതിയിൽ പറയുന്നത്. നവംബറിൽ പൊലീസിൽ നേരിട്ട് പരാതി നൽകിയെങ്കിലും സ്വീകരിച്ചില്ല. തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു. സ്വകാര്യ മെഡിക്കൽ സ്ഥാപനത്തിലെ ജോലിക്കായി 15 ലക്ഷം രൂപയാണ് ആദ്യം കൈപ്പറ്റിയത്. എന്നാൽ ഇവിടെ ജോലി ലഭിക്കാതായതോടെ വേറെ ജോലി തരപ്പെടുത്തി നൽകാമെന്ന് ഉറപ്പ് നൽകി. ഇതിനായി 15ലക്ഷം രൂപ വീണ്ടും വാങ്ങിയെന്നും പരാതിയിൽ പറയുന്നു. എന്നാൽ ഈ ജോലിയും ലഭിച്ചില്ല. തുടർന്നാണ് ഡാനിയൽ പൊലീസിനെ സമീപിച്ചത്.