കൊച്ചി: വേനൽ കടുത്തതോടെ ജലമോഷണം നേരിടാൻ കർശന നടപടിയുമായി വാട്ടർ അതോറിറ്റി അധികൃതർ രംഗത്ത്. പൊതുടാപ്പിൽ നിന്ന് അനധികൃതമായി ജലം ചോർത്തിയാൽ 1986 ലെ കേരള വാട്ടർ സപ്ലൈ ആന്റ് സ്വിവറേജ് ആക്ട് പ്രകാരം പിഴ ചുമത്തുകയും ഗുരുതരമായ കുറ്റകൃത്യങ്ങൾ പിടിക്കപ്പെട്ടാൽ കണക്ഷൻ വിച്ഛേദിക്കുകയും ചെയ്യുമെന്ന് ആന്റി തെഫ്റ്റ് സ്ക്വാഡ് അസി. എക്സിക്യുട്ടീവ് എൻജിനീയർ വി.സി. അജീഷ് അറിയിച്ചു.
പൊതുടാപ്പിൽ നിന്ന് ഹോസ് ഉപയോഗിച്ച് വെള്ളം എടുക്കുക, വാട്ടർ കണക്ഷനിൽ മോട്ടോർ ഘടിപ്പിച്ച് ജലം ശേഖരിക്കുക, വിച്ഛേദിച്ച കണക്ഷൻ അനധികൃതമായി തുറന്ന് ജലം ശേഖരിക്കുക, ഗാർഹിക കണക്ഷൻ വാണിജ്യ/ നിർമാണ ആവശ്യങ്ങൾക്ക് ഉപയോഗിക്കുക തുടങ്ങിയവയെല്ലാം കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരും.
കഴിഞ്ഞമാസം എറണാകുളം സെൻട്രലിൽ ഇത്തരത്തിലുള്ള നിരവധി കേസുകൾ പിടികൂടുകയും പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. വാട്ടർ അതോറിറ്റിയുടെ പമ്പിംഗ് മെയിനിൽ സ്ഥാപിച്ചിട്ടുള്ള എയർവാൽവ് ഇളക്കി ഹോസിട്ട് ജലം മോഷ്ടിച്ചകേസിൽ 2,33,000 രൂപ പിഴ ഈടാക്കി. വിച്ഛേദിച്ച വാട്ടർ കണക്ഷൻ അനധികൃതമായി പുന:സ്ഥാപിച്ച വ്യക്തിയിൽ നിന്ന് 25,000 രൂപയും ഗാർഹിക കണക്ഷനിൽ നിന്ന് ഹോട്ടലിലേക്ക് ജലം ശേഖരിച്ച് ഉപയോഗിച്ചതിന് 16,000 രൂപയും വിച്ഛേദിച്ച കണക്ഷൻ തുറന്ന് ഒരുമാസത്തോളം കെട്ടിടനിർമാണത്തിന് ജലം ശേഖരിച്ച രണ്ട് വ്യക്തികളിൽ നിന്ന് 15,000 രൂപ വീതവും പൊതുടാപ്പിൽ നിന്ന് ഹോസിട്ട 22 പേരിൽ നിന്ന് 10,000 രൂപവീതവുമാണ് പിഴ ഈടാക്കിയത്.
വേനൽക്കാലത്ത് ജലക്ഷാമം നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് പരിശോധന കർശനമാക്കിയിട്ടുള്ളത്. ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ജല അതോറിറ്റിയെ അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
പരാതികൾ അറിയിക്കാനുള്ള നമ്പർ: 8281597968, 69.