
കൊച്ചി : ഇന്ധനവില വർദ്ധനയിൽ നട്ടംതിരിഞ്ഞ സ്വകാര്യ ബസുകൾ സി.എൻ.ജിയിലേക്ക് മാറുന്നു. ഇത് സംബന്ധിച്ച് സർക്കാരിലേക്ക് കത്ത് നൽകുമെന്നും ബസ് ഉടമകൾ അറിയിച്ചു. ഡീസലിൽ ഓടുന്ന ബസുകൾ സി.എൻ.ജി.യിലേക്ക് മാറ്റാൻ അഞ്ച് ലക്ഷം രൂപയോളം ചിലവ് വരും. ഈ തുക പലിശ രഹിത വായ്പ ആയി നൽകണമെന്നും സർക്കാരിനോട് ആവശ്യപ്പെടും.
സി.എൻ.ജി.യിലേക്ക് മാറ്റുന്നത് സംബന്ധിച്ച് നേരത്തെയും സർക്കാരിലേക്ക് അപേക്ഷ നൽകിയിരുന്നു എന്നാൽ ഇതു സംബന്ധിച്ച് മറുപടി ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഇന്ധനവില ദിനം പ്രതി കൂടി വരുന്ന സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച് ഉടമകൾ വീണ്ടും സർക്കാരിനെ സമീപിക്കാൻ ഒരുങ്ങിയത്. ജില്ലയിലെ 60 ശതമാനം ബസുകളും സി.എൻ.ജിയിലേക്ക് മാറ്റാൻ സാധിക്കുന്നവയാണ്. ഇവ മാറ്റിയെടുത്താൽ നിലവിലെ നഷ്ടത്തിന് വലിയ മാറ്റം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. കോവിഡ് കാലത്ത് വലിയ നഷ്ടത്തിലാണ് ബസുകൾ സർവീസ് നടത്തുന്നത് 6000 രൂപ വരെ വരുമാനം ലഭിച്ചിരുന്ന ബസുകൾക്ക് ലോക് ഡൗണിന് ശേഷം ലഭിക്കുന്നത് മാസം ശരാശരി 3000 രൂപയാണ് എന്നാൽ ഒരുദിവസം 4000 രൂപ വരെ ബസുകൾക്ക് ചിലവ് വരും. ഈ പ്രതിസന്ധി നിലനിൽക്കുനന്നതിനാലാണ് സി.എൻ.ജിയിലക്ക് മാറാൻ തയ്യാറെടുക്കുന്നത്. നിലവിലെ സാഹചര്യത്തിൽ സി.എൻ.ജിയിലേക്ക് മാറുമ്പോൾ ചിലവ് വലിയ രീതിയിൽ കുറയാൻ സാദ്ധ്യതയുണ്ട്. എന്നാൽ സി.എൻ.ജി പമ്പുകൾ ജില്ലയിൽ കുറവാണ് അതിനാൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന പല താലൂക്കുകളിലും പമ്പുകൾ ആരംഭിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. നിലവിൽ ഓട്ടോറിക്ഷകൾ, കാറുകൾ, കെ.എസ്.ആർ.ടി.സി. എന്നിവ സി.എൻ.ജിയിൽ ഓടുന്നുണ്ട്. പ്രതിദിന ചിലവ് താരതമ്യേന ഇവയ്ക്ക് കുറവാണെന്നതാണ് പ്രധാന ആകർഷണം.