കളമശേരി: യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ഇ.കെ.സേതുവിനെ അദ്ധ്യക്ഷനാക്കിയത് കോൺഗ്രസിലെ മതേതരവാദികളുടെ കണ്ണിൽ പൊടിയിടാനാണെന്ന് ആരോപണം. യു.ഡി.എഫിന്റെ നിയോജക മണ്ഡലം ചെയർമാൻ സ്ഥാനത്തു നിന്ന് സേതുവിനെ നീക്കം ചെയ്യുകയും പകരം സെയ്തു കുഞ്ഞിനെ നിയമിക്കുകയും ചെയ്തതിൽ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് തിരഞ്ഞെടുപ്പിൽ ഹിന്ദു,ക്രിസ്ത്യൻ വോട്ടുകൾ നഷ്ടപ്പെട്ടേക്കുമെന്ന തിരിച്ചറിവിലാണ് സേതുവിനെ തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാനാക്കുകയും മധു പുറക്കാടിനെ കോ- ഓർഡിനേറ്ററായി നിയമിക്കുകയും ചെയ്തതെന്നാണ് ഒരുവിഭാഗം ആളുകൾ പറയുന്നത്. നിയോജക മണ്ഡലത്തിൽ കോൺഗ്രസിനുള്ളിൽ മുസ്ലിംമത വിഭാഗം നേതൃസ്ഥാനങ്ങളിലും മണ്ഡലം ബ്ലോക്ക് ഭാരവാഹി പട്ടികയിലെ ബഹുഭൂരിപക്ഷവും കൈയടക്കുകയും മേൽക്കോയ്മ സ്ഥാപിക്കുകയും ചെയ്യുന്നതിൽ പരക്കെ പ്രതിഷേധമുയർന്നിരുന്നു. സംസ്ഥാന നേതൃത്വത്തിന് ഇത് സംബന്ധിച്ച് ബ്ളോക്ക് ഭാരവാഹികൾ പരാതിയും നൽകിയിരുന്നു. കോൺഗ്രസിലെ മതാധിപത്യത്തെക്കുറിച്ച് കേരളകൗമുദി നേരത്തെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.