
കൊച്ചി: അമ്മമാർ മക്കളെ ഒരുക്കുന്നത് സാധാരണമാണ്. പക്ഷേ പ്രായമായ ആൺമക്കൾ അമ്മയെ അണിയിച്ചൊരുക്കിയ കഥ കേട്ടിട്ടുണ്ടോ ? എറണാകുളം തിരുത്തിപ്പുറം കല്ലറയ്ക്കൽ വീട്ടിൽ സരിനും സരിത്തും ഇക്കാര്യത്തിൽ വ്യത്യസ്തരാകുകയാണ്. ഭാര്യമാരുടെ സഹായത്തോടെ അമ്മ മേരി വർഗീസിന് മേക്ക്ഓവർ ലുക്ക് തന്നെ ഇവർ നൽകി. തീർന്നില്ല ചെറിയ സെറ്റപ്പിൽ ഫോട്ടോഷൂട്ടും നടത്തി. സംഭവം ഫേസ്ബുക്കിൽ ഇട്ടതോടെ ഈ മക്കളും മരുമക്കളും ഇപ്പോൾ നാട്ടിലെ താരങ്ങളായിരിക്കുകയാണ്.
പേരിന് പൗഡർ ഇടുകമാത്രമാണ് മേരി ഈ ജീവിതകാലത്തിനിടെ ചെയ്തിട്ടുള്ള മേക്കപ്പ്. ഇളയമകൻ സരിത്തിന്റെ വിദേശയാത്രക്കായി സാധനങ്ങൾ പാക്ക് ചെയ്യുന്നതിനിടെ കിട്ടിയ മേയ്ക്കപ്പ് സെറ്റിൽ നിന്നാണ് കഥയുടെ തുടക്കം. ഇതൊക്കെ ഇട്ടാൽ ഞാൻ നിങ്ങളേക്കാളും ചെറുപ്പമാകുമെന്ന മേരി ഡയലോഗിൽ നിന്നാണ് ഭാര്യമാരെകൂട്ടി അമ്മയെ അണിയിച്ചൊരുക്കാൻ മക്കൾ തയ്യാറെടുത്തത്. ആദ്യം എതിർത്തെങ്കിലും പിന്നീട് മേരിയും മേക്കപ്പിന് തയ്യാറായി.
മരുമക്കളായ ശ്രുതിയും അനുഷയുമാണ് ബ്യൂട്ടീഷ്യന്റെ റോൾ ഏറ്റെടുത്തത്. സരിനും സരിത്തും കട്ടയ്ക്ക് ഒപ്പം നിന്നു. അങ്ങിനെ നെയിൽപോളീഷും ലിപ്സ്റ്റിക്കും ആദ്യമായി മേരിയുടെ നഖത്തിലും ചുണ്ടിലും പതിഞ്ഞു. മേക്കപ്പ് ക്രീമുമിട്ട് മുടി ചീകിയൊതുക്കി ഹെയർ സ്റ്റൈൽ തന്നെ മാറ്റി. മരുമക്കളുടെ മാലയും കമ്മലും ചുരിദാറും മേരിക്ക് നൽകി. അങ്ങനെ ഒരു മണിക്കൂറിൽ മേക്ക്ഓവർ പൂർത്തിയായി. പിന്നീടായിരുന്നു ഫോട്ടോഷൂട്ട്. സന്തോഷത്തിൽ മേരി നൃത്തവും ചെയ്തു.
അമ്മ അങ്ങനെ പറഞ്ഞപ്പോൾ പിന്നെ ഒന്നും ചിന്തിച്ചില്ല. അനിയനും ഞാനും അമ്മയെ ഒരുക്കാൻ തീരുമാനിച്ചു. ഭാര്യമാരും ഒപ്പം നിന്നു. അമ്മയുടെ ഒരാഗ്രഹം തീർക്കാനായതിന്റെസന്തോഷത്തിലാണ് ഞങ്ങൾ. അമ്മയും ഇപ്പോൾ ഹാപ്പി. ഫേസ്ബുക്കിലൂടെ പലരും സപ്പോർട്ട് നൽകി.
സരിൻ