rajagiri

തൃക്കാക്കര: നാഷണൽ അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) രാജ്യത്തെ മികച്ച കോളേജുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം കളമശേരി രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസ്. 4ൽ 3.83 ഗ്രേഡ് പോയിന്റോടെ എ++ നേടിയാണ് മികവ്.

രാജ്യത്തെ കോളേജുകളെയും സർവ്വകലാശാലകളെയും മികവിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്ന ഏറ്റവും ഉയർന്ന കേന്ദ്ര സർക്കാർ സ്ഥാപനമാണ് 'നാക് യുജിസി'. നാക് പട്ടികയിൽ തുടർച്ചയായി നാലാം തവണയാണ് രാജഗിരി കോളേജ് മികച്ച സ്ഥാനം നിലനിർത്തുന്നതെങ്കിലും ആദ്യമായാണ് ഏറ്റവും മികച്ച കോളേജായി തിരഞ്ഞെടുക്കപ്പെടുന്നതെന്ന് പ്രിൻസിപ്പൽ ഡോ. ബിനോയ് ജോസഫ് പറഞ്ഞു. പട്ടികയിൽ ഒന്നാമത് എത്തുകവഴി രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാതൃകയാകാൻ രാജഗിരിക്ക് സാധിച്ചതായും കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ നാഴികക്കല്ലാണ് ഇതെന്നും അസോസിയേറ്റ് ഡയറക്ടറും വൈസ് പ്രിൻസിപ്പലുമായ ഡോ. സാജു എം.ഡി പറഞ്ഞു.

വിദ്യാഭ്യാസ സമ്പ്രദായം, അദ്ധ്യാപനം, പഠനം, മൂല്യ നിർണയം, ഗവേഷണം, പുതുമ, വിപുലീകരണം, അടിസ്ഥാന സൗകരം, പാഠ്യവിഭവങ്ങൾ, വിദ്യാർത്ഥികൾക്കുള്ള പിന്തുണ, നേതൃപരിശീലനം, മൂല്യബോധം, ബെസ്റ്റ് പ്രാക്ടീസ് എന്നിവയാണ് 'നാക്' പരിശോധനാ മാനദണ്ഡങ്ങൾ.