bee

അഴിമതിക്കാരല്ലാത്തതിനാൽ സീറ്റില്ല: നടൻ ശ്രീനിവാസൻ

രാഷ്‌ട്രീയം ഒരു തൊഴിലാണ്. അഴിമതിയാണ് പ്രധാനജോലി. അഴിമതിയുടെ കാര്യത്തിൽ സ്ത്രീകൾ പുരുഷന്മാരുടെ അത്ര മിടുക്ക് കാണിച്ചിട്ടില്ല. അഴിമതിക്കാരാണെന്ന് തെളിയിക്കാത്തതുകൊണ്ട് സ്വഭാവികമായി അവരുടെ പ്രാതിനിദ്ധ്യവും കുറയുന്നു. അഴിമതിയുടെ കാര്യത്തിൽ പ്രാഗല്ഭ്യം തെളിയിച്ചാൽ രാഷ്‌ട്രീയ രംഗത്ത് തുല്യമായ പ്രാതിനിദ്ധ്യം സ്ത്രീകൾക്കും ലഭിക്കും.

സ്ത്രീകൾ പിടിച്ചെടുക്കട്ടെ: തനൂജ ഭട്ടതിരി (എഴുത്തുകാരി )

രാഷ്ട്രീയരംഗത്തെ സ്ത്രീകൾ, നീതി ലഭിക്കാത്ത സ്ത്രീകൾ എന്നിങ്ങനെയുള്ളവർ തല മുണ്ഡനംചെയ്യുന്നത് അപായസൂചനയാണ്. പുരുഷന്മാർ വെറും പാവകളെപ്പോലെയാണ് സ്ത്രീകളെ കാണുന്നത്. ആ രീതി അവസാനിപ്പിക്കണം. പ്രധാനപ്പെട്ട ഒരു സീറ്റ് അർഹതപ്പെട്ട വനിതയ്ക്ക് നൽകിയ മുസ്ലിംലീഗിനെ അഭിനന്ദിക്കുന്നു. എല്ലാ പാർട്ടിക്കാരും സ്ത്രീകൾക്ക് സീറ്റ് നൽകിയേ മതിയാവൂ, അതാരുടേയും ഔദാര്യമല്ല. സ്ത്രീകളുടെ അവകാശമാണ്. സ്ത്രീകളെ അവഗണിച്ച് രാഷ്ട്രീയത്തിന് മുന്നോട്ടുപോകാനാവില്ല. പ്രതിഷേധം ഏതുവിധത്തിൽ ആളിപ്പടരുമെന്ന് പറയാനാവില്ല. അടങ്ങിയിരിക്കുകയാണെന്ന് തോന്നും. സ്ത്രീകൾ തീരുമാനിച്ചാൽ അതിൽനിന്നും ആർക്കും അവരെ പിന്തിരിപ്പിക്കാനാകില്ല.തുല്യ വ്യക്തികളായി പരിഗണിക്കുന്നതുവരെ, ശക്തമായ പോരാട്ടം തുടരും.

ഭരിക്കാൻ സജ്ജരായ മിടുമിടുക്കികൾ ഓരോ രംഗത്തുമുണ്ട്. അവർക്കുവേണ്ടി നിങ്ങൾ വഴിമാറുക. ഇത്രയും വർഷങ്ങളിൽ തലമുറകളെ പുരുഷന്മാർ നയിച്ചല്ലോ. ഇനി സ്ത്രീകൾ പിടിച്ചെടുക്കട്ടെ രാഷ്ട്രീയം.

തിരുത്തേണ്ടവ തിരുത്തണം: ബീന സെബാസ്റ്റ്യൻ

(സഖി, വിമെൻ സെന്റർ ഡയറക്ടർ, കൾച്ചറൽ അക്കാഡമി ഫോർ പീസ് അദ്ധ്യക്ഷ)

പാർലമെന്റ്, നിയമസഭ സീറ്റുകളിൽ 50 ശതമാനം സംവരണം ആവശ്യപ്പെട്ട് സ്ത്രീകൾ മുറവിളി തുടങ്ങിയിട്ട് കാലങ്ങളായി. തിരഞ്ഞെടുപ്പ് കാലത്ത് ചർച്ചയാകുമെന്നല്ലാതെ ഇന്നേവരെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായിട്ടില്ല. എല്ലാ മേഖലയിലും സ്ത്രീകൾ മികവു തെളിയിച്ചിട്ടും സീറ്റിന്റെ കാര്യം വരുമ്പോൾ എല്ലാ രാഷ്‌ട്രീയ പാർട്ടികളും അവരെ രണ്ടാം തരക്കാരായി മാറ്റും. സ്ത്രീകളെ അംഗീകരിക്കാൻ സമൂഹം വിമുഖത കാട്ടുന്നത് ചർച്ച ചെയ്യേണ്ട വിഷയമാണ്. തുല്യത എന്ന കാഴ്ചപ്പാടിലേക്ക് എത്തിച്ചേരാൻ കേരളത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. വിദ്യാഭ്യാസരംഗത്ത് വൻപുരോഗതി നേടിയിട്ടും ജുഡീഷ്യറിയുടെയും പൊലീസിന്റെയും ഉന്നതപദവികളിൽ സ്ത്രീ സാന്നിദ്ധ്യം തീരെ കുറവാണ്. തിരഞ്ഞെടുപ്പിൽ ആരൊക്കെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് അതത് പാർട്ടികളിലെ പുരുഷ നേതൃത്വമാണ്. ഈ സ്ഥിതിയിൽ മാറ്റം വരണം. തീരുമാനമെടുക്കുന്ന സമിതികളിൽ സ്ത്രീകളെയും ഉൾപ്പെടുത്തണം.

സ്ത്രീകൾ ദാസ്യപ്പണിക്കാരല്ല: സിസ്റ്റർ ജെസ്‌മി

അടിമപ്പണിക്കാരെപ്പോലെ സ്ത്രീകളെ ഉപയോഗിക്കുന്ന രാഷ്‌ട്രീയപ്പാർട്ടികൾ സീറ്റിന്റെ കാര്യത്തിൽ അവർക്ക് അർഹമായ പരിഗണന നൽകുന്നില്ലെന്നത് ദുഃഖകരമായ യാഥാർത്ഥ്യമാണ്. അധികാരം പങ്കുവയ്ക്കാൻ പുരുഷന്മാർ തയ്യാറാകുന്നില്ല. സ്ത്രീകൾ രാഷ്‌ട്രീയത്തിലേക്ക് വരുന്നത് പ്രോത്സാഹിപ്പിക്കണം. വഞ്ചനയും വക്രതയും പൊതുവേ സ്ത്രീകൾക്ക് കുറവായിരിക്കും. കരുണ, സമത്വം, നന്മ, മാതൃത്വം തുടങ്ങിയ ഗുണവിശേഷങ്ങൾ അവരുടെ തീരുമാനങ്ങളിൽ പ്രതിഫലിക്കും. തദ്ദേശസ്ഥാപനങ്ങളിൽ കാര്യശേഷിയുള്ള എത്രയോ സ്ത്രീ പ്രതിനിധികളെ കണ്ടുകഴിഞ്ഞു. രാഷ്‌ട്രീയത്തിലേക്ക് വരുന്ന സ്ത്രീകളുടെ എണ്ണം കുറവാണ്. ഉള്ളവർക്ക് തന്നെ ആവശ്യത്തിന് അവസരം ലഭിക്കുന്നില്ലെന്നത് സങ്കടകരമാണ്.