കോലഞ്ചേരി: പകലിനെ തീച്ചൂളയാക്കി താപനില ഉയർന്നു തന്നെ, നാടും നഗരവും ചൂടിൽ പൊള്ളി കരിയുന്നു. പുറത്തിറങ്ങാൻ വയ്യാത്ത സ്ഥിതിയായി. വേനൽക്കാലമാരംഭിക്കും മുമ്പെയുള്ള കാലാവസ്ഥാ മാറ്റം ഏറെ ഭീതിയോടെയാണ് ജനങ്ങൾ വീക്ഷിക്കുന്നത്. ശരാശരിയിൽ നിന്നും ചൂട് കൂടുന്നതായാണ് കാലാവസ്ഥ കേന്ദ്രവും റിപ്പോർട്ടു ചെയ്യുന്നത്. മഴ കുറഞ്ഞതാണ് ചൂടു കൂടാൻ കാരണമായി പറയുന്നത്. അതിനിടയിൽ കുഴഞ്ഞുവീണുള്ള അത്യാഹിതങ്ങളും കൂടുന്നു. ചൂട് 32 ഡിഗ്രി സെൽഷ്യസ് കടന്നു. മഴ നിന്നിട്ട് ആഴ്ചകൾ മാത്രമേ പിന്നിട്ടുള്ളൂ എങ്കിലും പകൽച്ചൂട് അസഹനീയമാണ്. ചൂടിനൊപ്പം വൈദ്യുതി മുടക്കവും കൂടിയാകുമ്പോൾ ദുരിതം ഇരട്ടിക്കുകയാണ്. സബ് സ്റ്റേഷൻ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ മിക്കവാറും ദിവസങ്ങളിൽ ഉണ്ടാകുന്ന വൈദ്യുതി മുടക്കം നാട്ടുകാരെ വലയ്ക്കുന്നു. മിക്കവാറും ദിവസങ്ങളിൽ അറ്റകുറ്റപ്പണികളുടെ പേരിൽ രാവിലെ മുതൽ വൈകിട്ട് വരെ പ്രഖ്യാപിത വൈദ്യുതി മുടക്കവുമുണ്ട്.
ജാഗ്രത പാലിക്കണം
വേനൽകാഠിന്യം വർധിച്ചതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പു നിർദേശിച്ചു. സൂര്യാഘാത സാദ്ധ്യത മുന്നിൽക്കണ്ട് സംസ്ഥാനത്ത് പകൽ 12 മുതൽ 3 വരെ വിശ്രമ സമയമാക്കി തൊഴിൽ സമയം ക്രമീകരിച്ചു. വഴിയരികിൽ ആരെങ്കിലും വീണു കിടക്കുന്നതു കണ്ടാൽ അവഗണിക്കാതെ സഹായം ലഭ്യമാക്കണം.
ശ്രദ്ധിക്കാൻ ഇക്കാര്യങ്ങൾ
ധാരാളം ശുദ്ധജലം കുടിക്കണം
തൊഴിലിടങ്ങളിൽ ശുദ്ധജലം ഉറപ്പാക്കണം
പകൽ യാത്ര ചെയ്യുമ്പോൾ ശുദ്ധജലവും കുടയും കരുതണം
രോഗികളും മുതിർന്നവരും കുട്ടികളും പ്രത്യേകം ശ്രദ്ധിക്കണം
ക്ഷീണം അനുഭവപ്പെട്ടാൽ വേണ്ടത്ര വിശ്രമം അനുവദിക്കണം
ദീർഘനേരം വെയിലേറ്റുള്ള നടത്തവും ജോലിയും ഒഴിവാക്കുന്നതാണ് ഉത്തമം