ele-

കൊച്ചി: വടക്കേയറ്റം കൊച്ചി മഹാനഗരം, തെക്കേയറ്റം കോട്ടയം ജില്ല. ഇരുമ്പനം മുതൽ കൂത്താട്ടുകുളം വരെ നീളുന്ന, വിസ്‌തൃതിയിൽ സമ്പന്നമായ പിറവത്ത് പോരാട്ടത്തിന് പതിവിലേറെ വീറും വാശിയുമുണ്ട്. ഏറ്റുമുട്ടൽ കേരള കോൺഗ്രസുകൾ തമ്മിലാണ്. രണ്ടു മുന്നണികൾക്കും വിജയം അഭിമാനപ്രശ്നവും. അതിനിടെ കാര്യമായ നേട്ടമുണ്ടാക്കുകയാണ് എൻ.ഡി.എയുടെ ലക്ഷ്യം.

മൂന്നാം പോരാട്ടമാണ് യു.ഡി.എഫ് സ്ഥാനാർത്ഥി അനൂപ് ജേക്കബിന്റേത്. പിതാവ് ടി.എം. ജേക്കബ് പരിപാലിച്ച് വലതുപക്ഷത്ത് നിലനിറുത്തിയ മണ്ഡലം കൈവിടില്ലെന്ന ഉറപ്പിലാണ് അനൂപ് ജേക്കബ്. പിറവം മണ്ഡലത്തിലെ കൂത്താട്ടുകുളത്ത് ജനിച്ച ഡോ. സിന്ധുമോൾ ജേക്കബാണ് എൽ.ഡി.എഫിൽ കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന്റെ സ്ഥാനാർത്ഥി. പഞ്ചായത്ത് അംഗമായ എം. ആശിഷാണ് എൻ.ഡി.എയുടെ സ്ഥാനാർത്ഥി. മണ്ഡലത്തിൽ സ്വാധീനമുള്ള ബി.ഡി.ജെ.എസ് മുന്നണിയിൽ ഒപ്പമുള്ളതിനാൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ.

 പുതിയ പ്രതീക്ഷയിൽ എൽ.ഡി.എഫ്

വിവാദത്തിന്റെ അകമ്പടിയോടെയാണ് സിന്ധുമോൾ ജേക്കബ് മണ്ഡലത്തിൽ എത്തിയത്. സി.പി.എം അംഗമായ സിന്ധുമോൾ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായതാണ് വിവാദം സൃഷ്ടിച്ചത്. സി.പി.എം ജില്ലാ സെക്രട്ടറി ഉൾപ്പെടെ ഒപ്പംനിന്നതോടെ വിവാദം തണുത്തു. ഇലഞ്ഞി ഒഴികെ മുഴുവൻ പഞ്ചായത്തുകളിലും ഒരുവട്ടം സന്ദർശനം നടത്തി. കൂത്താട്ടുകുളം പാലക്കുഴയിൽ ജനിച്ചതിനാൽ ബന്ധങ്ങൾ ഗുണകരമാകുമെന്ന് അവർ പറഞ്ഞു. നാട്ടുകാരിയെന്ന പരിഗണന ജനങ്ങളിൽ നിന്ന് ലഭിക്കുന്നുണ്ട്. എവിടെയും പരിചയക്കാരുണ്ട്. സൗഹൃദങ്ങളും ബന്ധങ്ങളും ഗുണം ചെയ്യുമെന്ന് സിന്ധുമോൾ പറഞ്ഞു.

മണ്ഡലം പര്യടനം 21 ന് ആരംഭിക്കുമെന്ന് എൽ.ഡി.എഫ് മണ്ഡലം സെക്രട്ടറി ഷാജു ജേക്കബ് പറഞ്ഞു. ഏപ്രിൽ ഒന്നിന് പര്യടനം അവസാനിക്കും. രൂക്ഷമായ കുടിവെള്ളക്ഷാമം ഉൾപ്പെടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സിറ്റിംഗ് എം.എൽ.എ കൂടിയായ യു.ഡി.എഫ് സ്ഥാനാർത്ഥി അനൂപ് ജേക്കബ് പരാജയപ്പെട്ടത് ഉന്നയിച്ച് പ്രചാരണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

 ആത്മവിശ്വാസത്തോടെ യു.ഡി.എഫ്

തുടർച്ചയായ വിജയവുമായി മണ്ഡലം ഒപ്പംനിന്നത് ഇക്കുറിയും ആവർത്തിക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. സർക്കാർ വിരുദ്ധവികാരം മുതലെടുക്കും. സി.പി.എം അംഗം കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായതും ഉന്നയിക്കും. പതിവുവിജയം ആവർത്തിക്കുമെന്ന് ഉത്തമവിശ്വാസമുണ്ടെന്ന് കേരള കോൺഗ്രസ് നേതാവ് ഷാലു പറഞ്ഞു.മണ്ഡലത്തിലെ വികസനപദ്ധതികളോട് എൽ.ഡി.എഫ് സർക്കാർ അനുഭാവം പുലർത്തിയില്ലെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. കാർഷികമേഖലയിലെ പ്രശ്നങ്ങൾ ഉൾപ്പെടെ പരിഹരിച്ചില്ലെന്ന് ഉന്നയിച്ചാകും പ്രചാരണം. 20 ന് മണ്ഡലം പര്യടനം സ്ഥാനാർത്ഥി ആരംഭിക്കും. കൺവെൻഷനുകൾ പൂർത്തിയായി. ഭവന, വ്യാപാരസ്ഥാപന സന്ദർശനങ്ങളിലാണ് അനൂപ് ജേക്കബ്.

 വോട്ടു വർദ്ധിപ്പിക്കാൻ എൻ.ഡി.എ

രാഷ്ട്രീയസാഹചര്യങ്ങളെ അനുകൂലമാക്കി പരമാവധി വോട്ട് കരസ്ഥാമാക്കുകയാണ് എൻ.ഡി.എയുടെ ലക്ഷ്യം. ബി.ജെ.പി കർഷകമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയും പിറവം സ്വദേശിയുമായ എം. ആശിഷാണ് സ്ഥാനാർത്ഥി. ബി.ഡി.ജെ.എസിന്റെ ഉൾപ്പെടെ പിന്തുണയോടെ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു.

 മണ്ഡലം

കൂത്താട്ടുകുളം, പിറവം നഗരസഭകൾ, ആമ്പല്ലൂർ, എടയ്ക്കാട്ടുവയൽ, ചോറ്റാനിക്കര, മുളന്തുരുത്തി, തിരുവാങ്കുളം, ഇലഞ്ഞി, മണീട്, പാമ്പാക്കുട, രാമമംഗലം, തിരുമാറാടി ഗ്രാമപഞ്ചായത്തുകൾ എന്നിവ ഉൾപ്പെട്ടതാണ് മണ്ഡലം.