sindhumol-jacob

സി.പി.എമ്മിൽ അംഗത്വമുള്ളയാൾ സഖ്യകക്ഷിയായ കേരള കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കുന്നോ എന്നായിരുന്നു ഡോ. സിന്ധുമോൾ ജേക്കബ് നേരിട്ട വിവാദം. എല്ലാം അറിയേണ്ടവർ അറിഞ്ഞെന്ന് മറുപടി നൽകി പോരിനിറങ്ങിയ അവർ പിറവത്തിന്റെ മനംകവരാനുള്ള ദൗത്യത്തിലാണ്."ഇപ്പോൾ യാതൊരു വിവാദവുമില്ല. സ്ഥാനാർത്ഥിയായപ്പോഴുണ്ടായ വിവാദമൊക്കെ തീർന്നു. ഞാനതിനെ വികസനപ്രശ്നങ്ങളിലേക്ക് തിരിച്ചുവിട്ടു. വെറുതെ വിഭാഗീയത സൃഷ്ടിക്കാതെ വികസനത്തെക്കുറിച്ച് നമുക്ക് ചർച്ച ചെയ്യാം. അത് ജനങ്ങൾ സ്വീകരിച്ചുകഴിഞ്ഞു." സിന്ധുമോൾ ജേക്കബ് കേരളകൗമുദിയോട് പറഞ്ഞു. ഉഴവൂർ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് ഡോ. സിന്ധുമോൾ ജേക്കബ്. സി.പി.എം ഉഴവൂർ ബ്രാഞ്ച് കമ്മിറ്റി അംഗവുമായിരുന്നു. എൽ.ഡി.എഫിലെത്തിയ കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് പിറവം സീറ്റ് നൽകിയപ്പോൾ സിന്ധുമോളെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. സി.പി.എം പാർട്ടി അംഗം കേരള കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായത് പാർട്ടി പ്രാദേശിക നേതൃത്വത്തെ ചൊടിപ്പിച്ചു. സിന്ധുമോൾ ജേക്കബിനെ പുറത്താക്കിയതായി സി.പി.എം ബ്രാഞ്ച് കമ്മിറ്റി പ്രഖ്യാപിച്ചതാണ് വിവാദമായത്.

സി.പി.എം സ്വതന്ത്രയായാണ് ബ്ളോക്ക് പഞ്ചായത്തിൽ മത്സരിച്ച് വിജയിച്ചതെന്നും സി.പി.എം, കേരള കോൺഗ്രസ് നേതൃത്വം അറിഞ്ഞാണ് പിറവത്ത് സ്ഥാനാർത്ഥിയായതെന്നും സിന്ധുമോൾ വ്യക്തമാക്കി. പിന്നാലെ സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ ഇക്കാര്യം സ്ഥിരീകരിച്ചതോടെ വിവാദം കെട്ടടങ്ങുകയായിരുന്നു.

മണ്ഡലത്തിലെ ഇലഞ്ഞി ഗ്രാമപഞ്ചായത്ത് ഒഴികെ മുഴുവൻ സ്ഥലങ്ങളിലും ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് സ്ഥാനാർത്ഥി ഓടിയെത്തി. എൽ.ഡി.എഫ് കക്ഷികൾ ഒറ്റക്കെട്ടായി ഒപ്പവുമുണ്ട്.

പ്രതീക്ഷിച്ചതിലും വലിയ സ്വീകരണമാണ് ലഭിക്കുന്നതെന്ന് അവർ പറഞ്ഞു. കൂത്താട്ടുകുളം പാലക്കുഴയാണ് സിന്ധുമോളുടെ ജന്മനാട്. ബന്ധുക്കളും സുഹൃത്തുക്കളും ധാരാളമുണ്ട്. എവിടെ ചെല്ലുമ്പോഴും നാട്ടുകാരിയോടുള്ള അടുപ്പവും സ്നേഹവുമാണ് ജനങ്ങൾ പുലർത്തുന്നതെന്ന് അവർ പറഞ്ഞു.

എതിരാളി അനൂപ് ജേക്കബ്

മൂന്നാം തവണ മത്സരിക്കുന്ന യു.ഡി.എഫിലെ അനൂപ് ജേക്കബാണ് ഡോ. സിന്ധുമോളുടെ പ്രധാന എതിരാളി. എം. ആശിഷാണ് എൻ.ഡി.എ സ്ഥാനാർത്ഥി.വിവാദത്തിന്റെ അകമ്പടിയോടെയുള്ള വരവ് സിന്ധുമോൾക്ക് മണ്ഡലത്തിൽ ശ്രദ്ധ നൽകിയിട്ടുണ്ട്. എൽ.ഡി.എഫ് ഒറ്റക്കെട്ടോടെ സ്ഥാനാർത്ഥിയെ സ്വീകരിച്ചത് എതിരാളികൾക്ക് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കേരള കോൺഗ്രസിനുവേണ്ടി സി.പി.എമ്മുകാരി മത്സരിക്കുന്നെന്ന പ്രചാരണമാണ് യു.ഡി.എഫ് നടത്തുന്നത്. പിണറായി സർക്കാരിന്റെ നേട്ടങ്ങളും വികസനവും അക്കമിട്ട് നടത്തുന്ന പ്രചാരണം പൊതുവെ വലതുപക്ഷത്തെ പിന്തുണയ്ക്കുന്ന മണ്ഡലത്തെ മറിച്ചുചിന്തിക്കാൻ വഴിതെളിക്കുമെന്ന ആശങ്കയിൽ മറുതന്ത്രങ്ങൾ ആവിഷ്കരിക്കുമെന്ന് യു.ഡി.എഫ് വൃത്തങ്ങൾ പറഞ്ഞു.