കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പി.ടി. തോമസിന് പിന്തുണ നൽകുമെന്ന് ഫ്രണ്ട്സ് ഒഫ് പി.ടി ആൻഡ് നേച്ചർ സംഘടന അറിയിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പി.ടി. തോമസിനെ പിന്തുണയ്ക്കാൻ രൂപീകരിച്ച സംഘടന ഇത്തവണയും പ്രചാരണങ്ങൾ ആരംഭിച്ചതായി അഡ്വ. സാജൻ മണ്ണാലി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്വന്തം രാഷ്ട്രീയഭാവി പോലും അവഗണിച്ച് പരിസ്ഥിതി സംരക്ഷണത്തിന് ശബ്ദമുയർത്തിയ നേതാവാണ് പി.ടി. തോമസ്. ഗ്രീൻ തൃക്കാക്കര എന്ന മുദ്രാവാക്യമാണ് ഇത്തവണ സംഘടന മുന്നോട്ട് വയ്ക്കുന്നത്. ഇതിന്റെ ഭാഗമായി ഗ്രീൻ പ്രോട്ടോക്കാൾ പ്രകാരം ഫിലിം ഫെസ്റ്റിവൽ നടത്തുമെന്ന് സിനിമാതാരം രവീന്ദ്രൻ പറഞ്ഞു. ഡോ. മേരി മെറ്റിൽഡ, അബ്ദുൾ റഹ്മാൻ, ടി. രാജീവ്, എ.കെ. രാജൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.