
കോലഞ്ചേരി: തിരഞ്ഞെടുപ്പ് വന്നതോടെ ഭായിമാർക്ക് ലോട്ടറിയടിച്ചു... വീടുവരെ സൗജന്യയാത്ര, ചെലവിന് പോക്കറ്റു മണിയും. അന്യസംസ്ഥാനതൊഴിലാളികൾ കൂട്ടത്തോടെ വോട്ടു ചെയ്യാൻ നാടു വിട്ടതോടെ സംസ്ഥാനത്തെ നിർമ്മാണ മേഖല സ്തംഭനാവസ്ഥയിലായി. മുമ്പൊരു തിരഞ്ഞെടുപ്പിലും ഇല്ലാത്തവിധം ഇവരെ നാട്ടിലെത്തിക്കാൻ മുന്നണികളുടെ ദല്ലാളൻമാർ ഇവിടെ ക്യാമ്പ് ചെയ്ത് ട്രെയിൻ, ബസ് ടിക്കറ്റും പോക്കറ്റുമണിയും നൽകി അവരെ നാട്ടിലെത്തിക്കുകയാണ്. ഇവിടെയുള്ള ഭൂരിഭാഗം തൊഴിലാളികളും ആസാം, ബംഗാൾ സംസ്ഥാനത്ത് നിന്നുള്ളവരാണ്. അവിടെ നടക്കുന്ന തീ പാറുന്ന പോരാട്ടമാണ് ഇവിടെ നിന്ന് വോട്ടർമാരെ നാട്ടിലെത്തിക്കാൻ കാരണം. വോട്ടെടുപ്പ് കഴിഞ്ഞ് പിറ്റേന്ന് തിരിച്ചു വരാമെന്ന ഉറപ്പിലാണ് പല കോൺട്രാക്ടർമാരും, പ്‌ളെവുഡ് സ്ഥാപന ഉടമകളും ഇവരെ പറഞ്ഞയിച്ചിരിക്കുന്നത്. കെട്ടിട നിർമ്മാണ മേഖലയിലായിരുന്നു ഇവർ ആദ്യം കൈവച്ചിരുന്നതെങ്കിൽ ഇപ്പോൾ ഹോട്ടലും, വീട്ടു ജോലികളുമുൾപ്പടെ സമസ്ത മേഖലകളിലും അവരുടെ സാന്നിദ്ധ്യമുണ്ട്. കൊവിഡും, പ്രളയവുംമൂലം കെട്ടിടനിർമാണം ഉൾപെടെ കേരളത്തിലെ പല മേഖലകളിലും പണികൾ കുറഞ്ഞതോടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ പലരും നേരത്തെ തന്നെ നാട്ടിലേക്ക് മടങ്ങിയിരുന്നു. ബാക്കിയുള്ളവർ തിരഞ്ഞെടുപ്പിന് താത്കാലികമായും മടങ്ങിയതോടെ സംസ്ഥാനത്ത് സമസ്ത മേഖലകളിലും സ്തംഭനത്തിലാണ്.